അങ്കാറ: യു.എ.ഇയും തുര്‍ക്കിയും കഴിഞ്ഞ മാസങ്ങളില്‍ ബന്ധപ്പെടുകയും, ഇരുരാഷ്ട്രങ്ങളുടെയും ബന്ധത്തില്‍ പുരോഗതി കൈവരിച്ചതായും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. മുതിര്‍ന്ന യു.എ.ഇ ഉദ്യോഗസ്ഥനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വ്യക്തമാക്കുകയായിരുന്നു. മിഡില്‍ ഈസ്റ്റിലെ കടുത്ത എതിര്‍രാഷ്ട്രങ്ങളാണ് തുര്‍ക്കിയും യു.എ.ഇയും.
തുര്‍ക്കിയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹനൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തന്നോട് ചര്‍ച്ച നടത്തിയതായി ഉര്‍ദുഗാന്‍ ബുധനാഴ്ച പറഞ്ഞു. ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ തുര്‍ക്കിയില്‍ യു.എ.ഇ കാര്യമായ നിക്ഷേപം നടത്തുന്നതായിരിക്കും.
യു.എ.ഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്താന്‍ താന്‍ തയാറാണെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. തുടര്‍നടപടികളുടെ ഭാഗമായി കൂടുതല്‍ ചര്‍ച്ചയുണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.