Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍: ഉര്‍ദുഗാനും ഇമ്രാന്‍ ഖാനും തമ്മില്‍ ചര്‍ച്ച നടത്തി

ഇസ്‌ലാമാബാദ്: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും തമ്മില്‍ ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. അഫ്ഗാന്‍ സമാധാന ഉച്ചകോടിയുടെ മുന്നോടിയായാണ് ഇരു വിഭാഗം നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാന്‍ സമാധാന ചര്‍ച്ചയ്ക്ക് പാകിസ്താന്റെ എല്ലാവിധ പിന്തുണയും പ്രതിബദ്ധതയുമുണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ ഉറപ്പുനല്‍കി.

ഈ മാസം തുര്‍ക്കിയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന പ്രക്രിയക്ക് എല്ലാവിധ പിന്തുണയും വിഷയത്തില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിനുള്ള പ്രതിജ്ഞാബദ്ധത പാക്‌സിതാന്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.

യു.എസ്-താലിബാന്‍ സമാധാന കരാറിനും തുടര്‍ന്നുള്ള അന്തര്‍-അഫ്ഗാന്‍ ചര്‍ച്ചകള്‍ക്കും പാകിസ്ഥാന്‍ പൂര്‍ണ പിന്തുണയും സൗകര്യവും നല്‍കിയിട്ടുണ്ടെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. അഫ്ഗാന്‍ അന്താരാഷ്ട്ര സമാധാന ചര്‍ച്ചകള്‍ ‘ വിശാലവും അടിസ്ഥാനപരവും സമഗ്രവുമായ ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പ് കൈവരിക്കാനുള്ള ചരിത്രപരമായ അവസരമാണ് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 24 മുതലാണ് തുര്‍ക്കി 10 ദിവസത്തെ അഫ്ഗാന്‍ സമാധാന ഉച്ചകോടി സംഘടിപ്പിക്കുന്നത്. അഫ്ഗാന്‍ സര്‍ക്കാര്‍, അമേരിക്ക, ഐക്യരാഷ്ട്രസഭ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അതേസമയം, താലിബാന്‍ ചര്‍ച്ച ബഹിഷ്‌കരിച്ചിരിക്കുകയാണ്. എല്ലാ വിദേശ ശക്തികളും അഫ്ഗാനില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറുന്നതുവരെ ഒരു ചര്‍ച്ചക്കുമില്ലെന്നാണ് താലിബാന്‍ നിലപാട്.

Related Articles