Current Date

Search
Close this search box.
Search
Close this search box.

ഒടുവില്‍ ബൈഡന് അഭിനന്ദനവുമായി ഉര്‍ദുഗാനും

അങ്കാറ: യു.എസ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാല് ദിവസങ്ങള്‍ക്ക് ശേഷം നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അഭിനന്ദനവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. മേഖലയിലെ എല്ലാ യു.എസ് സഖ്യരാഷ്ട്രങ്ങളും അഭിനന്ദങ്ങള്‍ അറിയിച്ച് ഏറെ വൈകിയാണ് ഉര്‍ദുഗാന്‍ രംഗത്തെത്തിയത് എന്നതാണ് ശ്രദ്ധേയം. ചൊവ്വാഴ്ചയാണ് തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസ് ബൈഡനെ അഭിന്ദനങ്ങള്‍ അറിയിച്ച് കത്തയച്ചത്. ഈ കുറിപ്പ് തുര്‍ക്ക് സ്റ്റേറ്റ് മീഡിയ പങ്കുവെക്കുകയും ചെയ്തിരുന്നു.

‘വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നിങ്ങളുടെ ഭരണകാലത്ത് ഞങ്ങള്‍ നിരവധി തവണ ചര്‍ച്ച ചെയ്തതുപോലെ, യു.എസ്-തുര്‍ക്കി ബന്ധം ശക്തമായ അടിത്തറയില്‍ നിലനില്‍ക്കും’- ഉര്‍ദുഗാന്‍ അയച്ച സന്ദേശത്തില്‍ പറഞ്ഞു.

നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ സഹകരണവും സഖ്യവും മുമ്പത്തെപ്പോലെ ലോകസമാധാനത്തിന് തുടര്‍ന്നും സംഭാവന നല്‍കുന്നതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലവിലെ ആഗോള, പ്രാദേശിക വെല്ലുവിളികള്‍ നമ്മുടെ ബന്ധം വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമാണ് ആവശ്യപ്പെടുന്നതെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഭരണകാലത്ത് യു.എസും തുര്‍ക്കിയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ വാഗ്വാദമുണ്ടായിരുന്നു. തുര്‍ക്കി റഷ്യയില്‍ നിന്നും എസ് 400 മിസൈലുകള്‍ വാങ്ങുന്നതായിരുന്ന പ്രധാന വിഷയം. ഇത് അനുവദിക്കില്ലെന്ന് ട്രംപും മിസൈല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ഉര്‍ദുഗാനും പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Related Articles