Current Date

Search
Close this search box.
Search
Close this search box.

30 വര്‍ഷത്തിനിടെ ആദ്യമായി നഷ്ടക്കണക്കില്‍ എമിറേറ്റ്‌സ്

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ യു.എ.ഇയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും വലിയ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങളാണ് വിമാന കമ്പനിയെ പ്രതികൂലമായി ബാധിച്ചതെന്നും എമിറേറ്റ്‌സ് അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

‘കഴിഞ്ഞ മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 3.4 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കമ്പനി നേരിട്ടത്. ആഗോളമായി വിമാനയാത്രകള്‍ നിര്‍ത്തുന്നതിനിടെയാണ് ഞങ്ങളുടെ സാമ്പത്തിക വര്‍ഷം ആരംഭിച്ചത്. വിമാനയാത്ര അക്ഷരാര്‍ത്ഥത്തില്‍ നിലച്ചതോടെ എമിറേറ്റ്‌സ് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തുകയായിരുന്നു. വ്യോമയാന യാത്ര വ്യവസായത്തെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണിതെന്നും’ എമിറേറ്റ്‌സ് എയര്‍ലൈന്‍ സി.ഇ.ഒ ഷെയ്ഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മഖ്തൂം പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് മൂലം ആഴ്ചകളോളം വിമാന സര്‍വീസ് നിര്‍ത്തിവെച്ചതിന് ശേഷം സര്‍വീസ് ഏതാനും നഗരങ്ങളിലേക്ക് പുനരാരംഭിച്ചപ്പോള്‍ വരുമാനം പൂജ്യത്തില്‍ നിന്ന് 26 ശതമാനം മാത്രമേ എത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ച്ചതും യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതും 9,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനിയെ നിര്‍ബന്ധിച്ചു. 4,300 പൈലറ്റുമാര്‍ ഉള്‍പ്പെടെ 60,000 പേരാണ് കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്.

Related Articles