ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത എട്ടു പേരെ വേണ്ടത്ര തെളിവില്ലാത്തതിന്റെ പേരില്‍ കോടതി ജാമ്യം അനുവദിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് യുഎപിഎ ചുമത്തി ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ടിന്റെ എട്ട് മുന്‍ പ്രവര്‍ത്തകര്‍ക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്. തെളിവ് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട ഡല്‍ഹി പൊലിസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. എങ്ങനെയാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതെന്ന് തെളിയിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
സെപ്റ്റംബര്‍ 27 മുതല്‍ കസ്റ്റഡിയില്‍ കഴിയുകയും ഒക്ടോബര്‍ 3 അല്ലെങ്കില്‍ 4 വരെ തിഹാര്‍ ജയിലില്‍ കഴിയുകയും ചെയ്ത പ്രതികള്‍ എങ്ങനെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ന്യായീകരിക്കാന്‍ മതിയായ തെളിവുകള്‍ കാണിക്കാന്‍ സിറ്റി പോലീസിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ‘പിഎഫ്ഐ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കി, ഇവരില്‍ നിന്ന് പോപുലര്‍ ഫ്രണ്ടിന്റെ പതാകകള്‍ കണ്ടെടുത്തു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് എട്ടുപേരെയും അറസ്റ്റ് ചെയ്തിരുന്നത്. യുഎപിഎയുടെ കര്‍ശന വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ഇവര്‍ തിഹാര്‍ ജയിലിലാണുള്ളത്.
പോപുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇവരുടെ ഫണ്ടിങ്ങുമായി ബന്ധം സ്ഥാപിക്കാന്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു.