കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറകിന്റെ മകനും കൂട്ടാളികള്‍ക്കും ഈജിപ്ത് ജയിലില്‍ ഒരുക്കിയിരുന്നത് വി.ഐ.പി സൗകര്യങ്ങളെന്ന് വിമര്‍ശനം. മുബാറകിന്റെ രണ്ട് മക്കളായ ജമാല്‍, അഅ്‌ല എന്നിവര്‍ക്കും ഇവരുടെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട വ്യവസായികളെയും മന്ത്രിമാരെയും പാര്‍പ്പിച്ച ജയിലില്‍ സെവന്‍ സ്റ്റാര്‍ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്നും ഈജിപ്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയിലില്‍ ജിം, സ്പാ, സ്‌നൂക്കര്‍ ക്ലബ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനമാണ് ഇതിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവന്നത്. ജയില്‍ മോചിതനായ ഈജിപ്ഷ്യന്‍ സംഗീതജ്ഞനായ ഹാനി മെഹാനയാണ് മുബാറകിന്റെ മക്കള്‍ക്ക് ഇത്തരത്തില്‍ സൗകര്യം ഉള്ളതായി വെളിപ്പെടുത്തിയത്. നുഗൂം എഫ്.എം റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ പിന്നീട് 2015ല്‍ ജയില്‍ മോചിതരായിരുന്നു.