Current Date

Search
Close this search box.
Search
Close this search box.

ഐ.എസ് തകര്‍ത്ത മൊസൂളിലെ പള്ളി പുനര്‍നിര്‍മിച്ച് ഈജിപ്ത്; പിന്നാലെ പുരസ്‌കാരവും

കൈറോ: ഇറാഖിലെ മൊസൂളില്‍ ഐ.എസ് ഭീകരരുടെ ബോംബാക്രമണത്തില്‍ തകര്‍ന്ന മസ്ജിദ് പുനര്‍നിര്‍മിച്ച ഈജിപ്തിലെ ആര്‍ക്കിടെക്റ്റ് സംഘത്തെതേടി യുനെസ്‌കോയുടെ പുരസ്‌കാരം. ഏറ്റവും മനോഹരമായ രീതിയില്‍ പള്ളി പുനര്‍നിര്‍മിച്ചതിനാണ് ഐക്യരാഷ്ട്ര സഭയുടെ പട്ടികയില്‍ ഈജിപ്ത് സംഘം ഇടം പിടിച്ചത്. 2017ലെ ഐ.എസ് ഏറ്റുമുട്ടലിലാണ് ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂരി എന്ന പേരിലറിയപ്പെടുന്ന മസ്ജിദ് തകര്‍ന്നത്. ഐ.എസില്‍ നിന്നും മൊസൂള്‍ തിരിച്ചുപിടിക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു വലിയ പള്ളി തകര്‍ന്നടിഞ്ഞത്. 12ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ പള്ളി ഏറെ പ്രശസ്തമായിരുന്നു. ഇതിന്റെ ചരിഞ്ഞ മിനാരം ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു.

123 അപേക്ഷകരില്‍ നിന്നാണ് എട്ടംഗ ഈജിപ്ത് ആര്‍ക്കിടെക്റ്റ് സംഘത്തെ യുനെസ്‌കോ തെരഞ്ഞെടുത്തത്. വ്യാഴാഴ്ച യുനെസ്‌കോ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്.പുരാതന നഗരത്തിന്റെ പുനരധിവാസത്തിന്റെ ഭാഗമായാണ് ഈജിപ്ത് സംഘം പള്ളി പുനര്‍നിര്‍മിച്ചത്. സര്‍ക്കാര്‍ സൈന്യം തിരിച്ചുപിടിക്കുന്നതിന് മുന്നേ ഐ.എസ് സൈന്യം പള്ളി തകര്‍ത്തതായും ആരോപണമുണ്ട്.

മസ്ജിദിന്റെ പുനര്‍നിര്‍മ്മാണം ”യുദ്ധത്തില്‍ തകര്‍ന്ന നഗരത്തിന്റെ അനുരഞ്ജനവും സാമൂഹിക ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന പ്രക്രിയയിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അവാര്‍ഡ് പ്രഖ്യാപിച്ച യുനെസ്‌കോ ഡയറക്ടര്‍ ജനറല്‍ ഓേ്രഡ അസൗല പറഞ്ഞു.

നാല് വര്‍ഷം മുന്‍പ് നടന്ന മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള യുദ്ധം ഏകദേശം ഒന്‍പത് മാസം നീണ്ടുനിന്നു. മൊസൂള്‍ നഗരത്തിന്റെ ഭൂരിഭാഗവും നാശത്തിലായി. ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും 900,000 ത്തിലധികം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.

Related Articles