Current Date

Search
Close this search box.
Search
Close this search box.

24 മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്ക് വധശിക്ഷ വിധിച്ച് ഈജിപ്ത് കോടതി

കൈറോ: പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി എന്ന രണ്ട് വ്യത്യസ്ത കുറ്റത്തിന് 24 മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കെതിരെ വധശിക്ഷ വിധിച്ച് ഈജിപ്ത് കോടതി. ഈജിപ്തിലെ അല്‍ അഹ്‌റാം ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ദാമന്‍ഹൂര്‍ ക്രിമിനല്‍ കോടതിയാണ് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ 16 പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

ബ്രദര്‍ഹുഡ് മേഖല നേതാവ് മുഹമ്മദ് സെയ്ദാന്‍ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. 2015ല്‍ ബെഹയ്‌റ ഗവര്‍ണറേറ്റിലെ റാഷിദ് നഗരത്തില്‍ നടന്ന പൊലിസ് ബസിന് നേരെയുള്ള ബോംബിങ്ങില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. സംഭവത്തില്‍ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

2014ല്‍ ദിലിഞ്ചാതില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ബാക്കി എട്ട് ബ്രദര്‍ഹുഡ് അംഗങ്ങള്‍ക്കെതിരെ വധശിക്ഷ വിധിച്ചത്. പ്രതികളില്‍ മൂന്ന് പേര്‍ മരിച്ചതിനാല്‍ ഇവര്‍ക്കെതിരെയുള്ള കേസ് ഒഴിവാക്കിയിരുന്നു. 24ല്‍ എട്ട് പേരുടെ അസാന്നിധ്യത്തിലായിരുന്നു ശിക്ഷ വിധിച്ചത്.

അതേസമയം, വിധി അന്തിമമാണോ, പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാനാകുമോ എന്ന് പത്രം വ്യക്തമാക്കിയിട്ടില്ല. അറബ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഈജിപ്തില്‍ സിവിലിയന്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് തൂക്കിക്കൊല്ലലിലൂടെയാണ്.

Related Articles