Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡുമായി ബന്ധമുള്ള സന്നദ്ധ സംഘങ്ങള്‍ക്ക് ഈജിപ്തില്‍ വിലക്ക്

കെയ്‌റോ: ആയിരത്തിലധികം ജീവകാരുണ്യ-സന്നദ്ധ സംഘടനകള്‍ക്ക് ഈജിപ്തില്‍ വിലക്കേര്‍പ്പെടുത്തി. മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഈജിപ്ത് സര്‍ക്കാര്‍ 1133 ചാരിറ്റി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചത്. ഈജിപ്ത് ജുഡീഷ്യല്‍ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആശുപത്രികളും വ്യക്തികളും ഇതില്‍പെടും. തീവ്രവാദികളുടെയും ഭീകരവാദവുമായി ബന്ധപ്പെട്ട സംഘടനകളുടെയും സ്വത്തുവകകള്‍ മരവിപ്പക്കണമെന്ന നിയമത്തെ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ ഈ നീക്കം. ഈ വര്‍ഷം ആദ്യത്തിലാണ് രാജ്യത്ത് ഇത്തരത്തില്‍ നിയമം നിലവില്‍ വന്നത്. തുടര്‍ന്ന് മുസ്‌ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സംഘടനയുടെ നേതാക്കളടക്കം 1589 പേരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും ജുഡീഷ്യല്‍ കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. 2013ലെ ജനകീയ പ്രക്ഷോഭം നയിച്ചതിന്റെ പേരിലാണ് ഈ നടപടിയും.

പുതിയ ഉത്തരവ് പ്രകാരം 118 കമ്പനികള്‍,104 സ്‌കൂളുകള്‍,69 ആശുപത്രികള്‍,33 വെബ്‌സൈറ്റുകളും സാറ്റലൈറ്റ് ചാനലുകള്‍ എന്നിവയുടെ സ്വത്തെല്ലാം മരവിപ്പിക്കേണ്ടി വരും. നേരത്തെ അറസ്റ്റു ചെയ്ത ബ്രദര്‍ഹുഡിന്റെ 75 നേതാക്കളെ വധശിക്ഷക്ക് വിധേയമാക്കാന്‍ ഈജിപ്ത് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ യു.എന്നടക്കം നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഈജിപ്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Articles