Current Date

Search
Close this search box.
Search
Close this search box.

ഒമര്‍ അബ്ദുല്ലയുടെ ചിത്രത്തില്‍ ഏറെ വിഷമം, എല്ലാവരെയും മോചിപ്പിക്കണം:ഡി.എം.കെ

ചെന്നൈ: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെക്കുറിച്ച് പുറത്തു വന്ന വാര്‍ത്തകളിലും ചിത്രങ്ങളിലും വല്ലാതെ വിഷമമുണ്ടെന്നും കശ്മീരിലെ മുഴുവന്‍ രാഷ്ട്രീ തടവുകാരെയും മോചിപ്പിക്കണമെന്നും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഒമര്‍ അബ്ദുല്ലയെ കൂടാതെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല,പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവരുടെ രാഷ്ട്രീയ തടവിലാണെന്നും വിചാരണയോ മറ്റു നടപടികളോ ഇല്ലാതെ ഇവരെ തടവില്‍ പാര്‍പ്പിച്ചതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഉമര്‍ അബ്ദുല്ലയുടേതെന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തു വന്നിരുന്നു. നീണ്ട് നരച്ച താടിയും തൊപ്പിയും അണിഞ്ഞ് ഏറെ രൂപമാറ്റത്തിലുള്ള ഫോട്ടോയാണ് പുറത്തു വന്നിട്ടുള്ളത്. അതേസമയം ഇത് ഉമര്‍ അബ്ദുല്ലയുടേത് തന്നെ ആണോ എന്ന് ഇതുവരെ ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഈ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.

കശ്മീരിലെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ മോചിപ്പിക്കണമെന്നും താഴ്‌വരയില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ജനുവരി 25നാണ് ഈ ചിത്രം പുറത്തു വന്നത്.

Related Articles