Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തിനായുള്ള ധീര പോരാട്ടമാണ് പൗരത്വത്തിന് തെളിവ്: ‘ഡിഗ്‌നിറ്റി കാരവന്‍’

പൊന്നാനി: ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി നടത്തിയ ധീരപോരാട്ടങ്ങളാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നവര്‍ക്ക് മറുപടിയായുള്ളതെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഡിഗ്‌നിറ്റി കാരവന്‍ ശ്രദ്ധേയമായി. സോളിഡാരിറ്റി,എസ്.ഐ.ഒ സംയുക്തമായി ‘തുഹ്ഫയുടെ വീണ്ടെടുപ്പ്, ആത്മാഭിമാനത്തിന്റെ ചുവടുവെപ്പ്’ എന്ന തലക്കെട്ടില്‍ ഉമര്‍ ഖാളിയുടെ പോരാട്ടമണ്ണില്‍ നിന്ന് പൊന്നാനിയിലെ മഖ്ദൂമുമാരുടെ ഭൂമിയിലേക്ക് നടത്തിയ ഡിഗ്‌നിറ്റി കാരവനില്‍ പതിനായിരങ്ങളാണ് പങ്കാളികളായത്.

പൗരത്വത്തിന്റെ പേരില്‍ രാജ്യത്തുനിന്ന് മുസ്ലിംകളടക്കമുള്ളവരെ പുറത്താക്കി തടങ്കല്‍ പാളയങ്ങളിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ തനിക്കുള്ള ജയിലുകൂടിയാണ് ഒരുക്കുന്നതെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
ലോകത്ത് കഴിഞ്ഞുപോയ എല്ലാ ഏകാധിപതികളുടെയും പരിണതി തന്നെയാണ് ഈ വിഷയത്തില്‍ അമിത് ഷായെയും കാത്തിരിക്കുന്നത്. ചരിത്രത്തില്‍ ആവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതു കൂടിയാണ് ഇന്ത്യന്‍ കാമ്പസുകളും വിദ്യാര്‍ഥികളും നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത്തരം സൂചനകള്‍ അധികാരികള്‍ തിരിച്ചറിയണം.

മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് മഖ്ദൂമിനെ പോലുള്ള പണ്ഡിതരും ഉമര്‍ ഖാളിയെ പോലുള്ള നേതാക്കളുമാണ് നേതൃത്വം നല്‍കിയത്. അത്തരം പാരമ്പര്യം നാം തിരിച്ചുപിടിക്കണമെന്നും അമീര്‍ ആഹ്വാനം ചെയ്തു. നാടിന്റെ മോചനത്തിനായി പോരാടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാമ്പസുകളും തെരുവുകളും ചരിത്രത്തിന്റെ ആവര്‍ത്തനമാണെന്നും ഇവിടെ ഒരുമിച്ച് കൂടിയിരിക്കുന്നത് അവരുടെ പിന്‍ഗാമികളാണെന്നും അധ്യക്ഷത വഹിച്ച എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി പറഞ്ഞു.

രാജ്യത്തെ എല്ലാവരെയും ബാധിക്കുന്നതാണ് പൗരത്വ പ്രശ്‌നം. അതേ സമയം സംഘ്പരിവാറിന്റെ മുസ്ലിം വംശഹത്യാ പദ്ധതിയുടെ ഭാഗമായിക്കൂടി അതിനെ മനസ്സിലാക്കുമ്പോഴേ പ്രതിരോധം സാധ്യമാകൂ എന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. മുസ്ലിംകള്‍ അവരുടെ പ്രശ്‌നം ഒറ്റക്ക് ഉന്നയിക്കരുതെന്ന് പറയുന്നതും ഹിംസയുടെ ഭാഗമാണെന്നും വോട്ടുബാങ്ക് നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്കപ്പുറത്ത് പ്രശ്‌നപരിഹാരത്തിലേക്കുള്ള ആത്മാര്‍ഥ ശ്രമമായി സമരങ്ങള്‍ മാറണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിന്റെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 25ലധികം പ്രധാന അധിനിവേശവിരുദ്ധ പോരാട്ട കേന്ദ്രങ്ങളില്‍ നിന്ന് കാരവനുകളായി വെളിയംകോട് ഉമര്‍ ഖാളിയുടെ മണ്ണില്‍ സംഘടിക്കുകയും അവിടെ നിന്ന് മഖ്ദൂം തങ്ങന്മാരുടെ പൊന്നാനിയിലേക്ക് റാലിയായെത്തുകയുമാണ് ചെയ്തത്.

കേരള മുസ്ലിം ചരിത്രത്തിലെ പ്രധാനപ്പെട്ട പോരാട്ട ചരിത്രങ്ങളെയും അനുസ്മരിക്കുന്ന വിവിധ ആവിഷ്‌കാരങ്ങളുള്‍കൊള്ളുന്നതായിരുന്നു കാരവന്‍. ഞായറാഴ്ച വൈകീട്ട് എം.ഇ.എസ് കോളേജ് ഗ്രണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ ചേരമാന്‍ ജുമാമസ്ജിദ് ഇമാം സൈഫുദ്ദീന്‍ അവാസിമി, എം.പി മുത്തുക്കോയ മഖ്ദൂം തങ്ങള്‍, ആര്‍ യൂസുഫ്, സി.വി ജമീല, അഫീദ അഹ്മദ്, സലിം മമ്പാട്, ശിഹാബ് പൂക്കോട്ടൂര്‍ എന്നിവര്‍ അഭിസംബോധനം ചെയ്തു. ഉമര്‍ അലത്തൂര്‍ സ്വാഗതവും ബിനാസ് ടി.എ നന്ദിയും പറഞ്ഞു. റാലിയില്‍ വിവിധ കലാവിഷ്‌കാരങ്ങളും നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. അബ്ബാസ് കാളത്തോട് സംവിധാനം ചെയ്ത് ശാന്തപുരം അല്‍ജാമിഅ കോളേജ് വിദ്യാര്‍ത്ഥികള്‍ വേഷമിട്ട ചരിത്രപുരുഷന്മാരെ ഓര്‍ക്കുന്ന ‘വീരപൗരന്മാര്‍’ എന്ന നാടകവും വേദിയില്‍ അരങ്ങേറി.

Related Articles