Current Date

Search
Close this search box.
Search
Close this search box.

യുസുഫുല്‍ ഖറദാവിയുടെ മകളുടെ തടങ്കല്‍ ഈജിപ്ത് വീണ്ടും നീട്ടി

കൈറോ: പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുടെ മകള്‍ അല അല്‍ ഖറദാവി ജയിലില്‍ തുടരും. വെള്ളിയാഴ്ച തടങ്കല്‍ കാലാവധി ഈജിപ്ത് കോടതി വീണ്ടും നീട്ടുകയായിരുന്നു. സി.എന്‍.എന്‍ അറബിക് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 45 ദിവസത്തേക്കാണ് തടങ്കല്‍ നീട്ടിയത്. അലക്കെതിരെ ഈജിപ്ത് സര്‍ക്യൂട്ട് കോടതി വിധിച്ച തീവ്രവാദ കുറ്റങ്ങളില്‍ ഇതുവരെ വിധി തീര്‍പ്പു കല്‍പ്പിച്ചിട്ടില്ല. നിലവില്‍ വിചാരണ തടങ്കലിലാണ് അല.

രാജ്യത്തെ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് സ്ഥാപിതമായ ഒരു തീവ്രവാദ സംഘടനയില്‍ ചേരുകയും ധനസഹായം നല്‍കുകയും ചെയ്തുവെന്നാണ് അലക്കെതിരെയുള്ള ആരോപണം.

ഖത്തര്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് തീരുമാനം പ്രഖ്യാപിച്ചതെന്നും ഈജിപ്ത് സ്റ്റേറ്റ് ടെലിവിഷനെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സുരക്ഷാ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ രാജ്യത്തെ പ്രതിവാദ പ്രസ്ഥാനങ്ങള്‍ക്ക് വിദേശത്തെ തീവ്രവാദ ബ്രദര്‍ഹുഡ് നേതാക്കള്‍ ധനസഹായം നല്‍കുന്നതിനായി ശത്രുതാപരമായ പദ്ധതി തയാറാക്കിയെന്നും ഇതേസമയം തന്നെ രാജ്യത്തെ സ്ഥാപനങ്ങള്‍ക്കെതിരെ അക്രമങ്ങളും കലാപങ്ങളും നടത്തിയെന്നുമാണ് കോടതി അലക്കെതിരായി ആരോപിക്കുന്ന കുറ്റം.

2017ലാണ് അലയെ തന്റെ ഭര്‍ത്താവ് ഹുസാം ഖലാഫിനൊപ്പം ഈജിപ്ത് സൈന്യം അറസ്റ്റ് ചെയ്തത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ വിമര്‍ശകര്‍ക്കെതിരായി നടത്തിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായിരുന്നു ഇരുവരുടെയും അറസ്റ്റ്. ഈജിപ്ത് ഭീകര പ്രസ്ഥാനമായി മുദ്ര കുത്തിയ മുസ്ലിം ബ്രദര്‍ ഹുഡിന്റെ നിരവധി നേതാക്കളെയും സമാന രീതിയില്‍ സീസി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ഖത്തറിനെതിരെ ഈജിപ്ത്, യു.എ.ഇ, സൗദി, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയ വേളയിലായിരുന്നു ഇരുവരുടെയും അറസ്റ്റ്.

ഖലാഫിനും അലക്കും മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടുവെങ്കിലും അവര്‍ക്കെതിരെ ഇതുവരെയായി യാതൊരു തെളിവുകള്‍ ഹാജരാക്കുകയോ വിചാരണ നേരിടാന്‍ അവസരം നല്‍കുകയോ ചെയ്തിട്ടില്ല. അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ ചെയര്‍മാന്‍ കൂടിയായ യൂസുഫുല്‍ ഖറദാവി ഈജിപ്തില്‍ നിന്നും പുറത്താക്കപ്പെട്ട് ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.

Related Articles