Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി കലാപത്തിന്റ ബാക്കിപത്രം: ‘വിഷന്‍’ കണ്ട കാഴ്ചകള്‍

ഇന്ത്യയില്‍ അരങ്ങേറിയ കലാപങ്ങളിലെല്ലാം ഇരയാക്കപ്പെടുന്ന വിഭാഗങ്ങളെ സാമ്പത്തികമായി തകര്‍ക്കുക എന്നത് അവയുടെ പൊതുസ്വഭാവമായി നമുക്ക് കാണാനാകും. ഒരു സമൂഹത്തിന്റെ ഉയര്‍ച്ചയുടെ സ്വപ്നങ്ങളെ തകര്‍ക്കുകയാണ് ആ അക്രമങ്ങളുടെയെല്ലാം പൊതുവായ ലക്ഷ്യം. സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തിയാക്കി വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരി അവസാന വാരം അഴിഞ്ഞാടിയ കലാപം അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.

നിരവധി ചെറുകിട-ഇടത്തരം ഉത്പാദന സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ് വടക്ക് കിഴക്കന്‍ ഡല്‍ഹി. നൂറുക്കണക്കിന് കുടുംബങ്ങളുടെ ജീവിത മാര്‍ഗ്ഗം കൂടിയാണ് ഈ സംരംഭങ്ങള്‍. വസ്ത്ര നിര്‍മ്മാണം അവയില്‍ പ്രധാനമാണ്. അത്തരം ഒരു സംരംഭമായിരുന്നു ഖജൂരി ഖാസ് സ്ട്രീറ്റ് 29-ല്‍ ഒരു വാടക കെട്ടിടത്തില്‍ ശരീഫ് ഹുസൈന്‍ നടത്തിയിരുന്ന പാന്റ്-സ്യൂട്ട് നിര്‍മ്മാണ യൂണിറ്റ്. ഇരുപതിലധികം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അത്താണിയായിരുന്നു ഈ സംരംഭം.

ഡല്‍ഹി കലാപത്തില്‍ വീടുകളും വ്യാപാര-വ്യവസായ സ്ഥാപനങ്ങളും കൊള്ളചെയ്യുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. കൊള്ള ചെയ്തതിന് ശേഷം പെട്രോള്‍ ബോംബും ഗ്യാസ് സിലിണ്ടറുകളും ഉപയോഗിച്ചാണ് മിക്കവയും തകര്‍ത്തത്. ശരീഫ് ഹുസൈന്റെ സ്ഥാപനവും കൊള്ള ചെയ്യുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തത് ഇതേ സ്വഭാവത്തിലാണ്. വില്‍പ്പനക്ക് തയാറായ രണ്ടായിരത്തോളം പാന്റ്-സ്യൂട്ട് സെറ്റുകള്‍ കൊള്ള ചെയ്യുകയും വസ്ത്ര ഉത്പാദനത്തിനുള്ള തുണികളും മെഷീനുകളും അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. പെട്ടെന്നുള്ള ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം ലക്ഷങ്ങളുടെ നഷ്ടമാണ് അദ്ദേഹത്തിന് കലാപം വരുത്തി വെച്ചത്.

സ്ഥാപനം പുനരാരംഭിക്കുവാന്‍ ഒരു വഴിയുമില്ലാതെ വിഷമിച്ച ഹുസൈന് ‘വിഷന്‍-2026’ കലാപ പുനരധിവാസ പദ്ധതികളുടെ ഭാഗമായി നല്‍കിയ സാമ്പത്തിക പിന്തുണ വലിയ ആശ്വാസമായി. പുതുക്കി പണിത കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം സ്ഥാപനം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. പുതിയ മെഷീനുകളും ഉത്പാദനത്തിനുള്ള അവശ്യ വസ്തുക്കളും ‘വിഷന്‍’ നല്‍കി. പുനരാരംഭിച്ച സ്ഥാപനം ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി ആരിഫലി നാടിന് സമര്‍പ്പിച്ചു. ബംഗളുരു ആസ്ഥാനമായ മില്ലത്ത് റിലീഫ് ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. പുതിയ സംരംഭം വീണ്ടും തുടങ്ങാനായതോടെ പാതിവഴിയില്‍ തകര്‍ന്ന ശരീഫ് ഹുസൈന്റെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുകയായിരുന്നു വിഷന്‍.

ശരീഫ് ഹുസൈന്റെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റു സ്ഥാപനങ്ങളും സമാനമായ രീതിയില്‍ തകര്‍ക്കപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളും ഓഫീസും അഗ്‌നിക്കിരയാക്കപ്പെട്ടു. വിഷന്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇതിന്റെ പുനര്‍നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

കെട്ടിടത്തിനുണ്ടായ കേടുപാടുകള്‍ അറ്റകുറ്റപണികള്‍ കൊണ്ട് തീര്‍ക്കാവുന്നതിലും കൂടുതലായതിനാല്‍ ഉടമയ്ക്ക് അത് പൊളിച്ചു പണിയേണ്ടി വന്നു. ഖജൂരി ഖാസ് സ്ട്രീറ്റ് 29-ല്‍ നിരവധി വീടുകളും സ്ഥാപനങ്ങളും ഇതേ രീതിയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. അവയില്‍ മിക്കതിന്റെയും പുനര്‍ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നതും വിഷന്‍ ആണ്.

 

Related Articles