Current Date

Search
Close this search box.
Search
Close this search box.

സഹവര്‍ത്തിത്വത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക: ഡല്‍ഹി മലയാളി സ്റ്റുഡന്റ്സ് കണ്‍വെന്‍ഷന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിലവിലുള്ള രാഷ്ട്രീയ അജണ്ടകളെ നേരിടണമെങ്കില്‍ സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ, മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക വ്യവസ്ഥ ഉയര്‍ന്ന് വരണമെന്ന് ഡല്‍ഹി മലയാളി സ്റ്റുഡന്റ്‌സ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രളയാനന്തരം കേരളത്തെ പുനര്‍മിക്കാനൊരുങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ മണ്ണിനെയും മനുഷ്യനെയും പരിഗണിക്കുന്ന വികസന പ്രവര്‍ത്തനമാണ് നടക്കേണ്ടതെന്നും അതിനായി പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ സാമൂഹ്യ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തിയ വിദ്യാര്‍ത്ഥി യുവജന സമൂഹത്തിന്റെ ജാഗ്രതയും പിന്തുണയും ഉയര്‍ന്നു വരണമെന്നും ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. നവ കേരള നിര്‍മാണം എന്ന പേരില്‍ നടത്തുന്ന വികസന പ്രക്രിയയില്‍ ആദിവാസികളോടും പിന്നാക്ക ജനവിഭാഗങ്ങളോടും മലബാര്‍ ഉള്‍പ്പെടെയുള്ള പ്രാദേശങ്ങളോടുമുള്ള വിവേചനപരമായ നിലപാടുകളെ തുടക്കത്തില്‍ തന്നെ ചെറുക്കുവാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മലയാളി ഹല്‍ഖയും സൊസൈറ്റി ഫോര്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയറും സംയുക്തമായി ഡല്‍ഹിയിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡല്‍ഹി മലയാളി ഹല്‍ഖ അഡൈ്വസര്‍ ടി മുഹമ്മദ് വേളം, എസ്.ഐ.ഒ കേരള സംസ്ഥാന പ്രസിഡന്റ് സി.ടി ശുഹൈബ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ‘ക്യാമ്പസ് വിദ്യാര്‍ത്ഥി പ്രതിപക്ഷം സംസാരിക്കുന്നു’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ വസീം (ജെ.എന്‍.യു), റമീസ് ( ജാമിഅ മില്ലിയ), സൈനബ് അമല്‍ ( ഡി.യു) നോയല്‍ മര്‍യം ജോര്‍ജ് (ജെ.എന്‍.യു) തുടങ്ങിയ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുത്തു. ഡല്‍ഹിയിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീം ഖാന്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസ് ഉദ്യോഗസ്ഥനായ അന്‍സാര്‍ ശൈഖുമായുള്ള കൂടിക്കാഴ്ച്ച പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. ലൈഫ് ലാബ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.വി കബീര്‍, ജാമിഅ മില്ലിയ ഇസ്ലാമിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം പ്രൊഫസര്‍ ഡോ.ഹബീബ് റഹ്മാന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ജെ ആര്‍ എഫ് നേടിയരും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരുമായ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ സംഗമത്തില്‍ ആദരിച്ചു. പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡന്റ് ഡോ: ശിറാസ് പൂവച്ചല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അമീന്‍ അലീഗഢ് ഖിറാഅത്ത് നടത്തി. സെക്രട്ടറി സബാഹ് ആലുവ സ്വാഗതവും കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ അഹ്ദസ് നന്ദിയും പറഞ്ഞു.

Related Articles