Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ല: മനീഷ് സിസോദിയ

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയ. മ്യാന്‍മറിലെ പീഡനത്തെ തുടര്‍ന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ മുസ്ലീം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകള്‍ക്ക് ഫ്ളാറ്റുകളും സുരക്ഷയും വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ ആഭ്യന്തര മന്ത്രാലയം എതിര്‍ത്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് സിസോദിയയുടെ പരാമര്‍ശം.

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ അനധികൃതമായി താമസിക്കാന്‍ അനുവദിക്കില്ലെന്നും ഈ നീക്കത്തെ എല്ലാ ശക്തിയോടെയും ഡല്‍ഹി സര്‍ക്കാര്‍ എതിര്‍ക്കുമെന്നും സിസോദിയ വ്യക്തമാക്കി. ‘ഈ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല.’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ബക്കര്‍വാലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഫ്ളാറ്റുകളിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മാറ്റുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. കൂടാതെ 24 മണിക്കൂറും പോലീസ് സംരക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍, പുരിയുടെ പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസ് രംഗത്തെത്തി. നിയമവിരുദ്ധ വിദേശികളെ നിയമപ്രകാരം തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അഭയാര്‍ഥികള്‍ താമസിക്കുന്ന സ്ഥലം തടങ്കല്‍ കേന്ദ്രമായി നിശ്ചയിക്കാന്‍ മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാടാണെന്ന് പറഞ്ഞ് പുരി ട്വീറ്റ് ചെയ്യുകയും ചെയ്തു.

 

Related Articles