Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വംശഹത്യയുടെ പേരില്‍ സി.എ.എ വിരുദ്ധ സമരക്കാരെ വേട്ടയാടുന്നു: ഇ.ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന ആസൂത്രിത മുസ്ലിം വംശഹത്യയില്‍ യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും ഡല്‍ഹിയിലെ സി.എ.എ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കളെ വേട്ടയാടാനുമാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയുടെ യാഥാര്‍ഥ്യങ്ങള്‍ വെളിവാക്കുന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ട് മലയാള വിവര്‍ത്തനം പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാറും ഡല്‍ഹി പൊലീസും ഒത്തുകളിച്ച് ഡല്‍ഹിയിലുള്ള മുസ്ലിം വിദ്യാര്‍ഥികളെയും സമര നേതാക്കളെയും ഭീകര നിയമങ്ങളില്‍ കുടുക്കി അറസ്റ്റ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വംശഹത്യയുടെയും കലാപത്തിന്റെയും പിറകില്‍ പ്രവര്‍ത്തിച്ച വിദ്വേഷ പ്രചാരണങ്ങളും മറ്റും നടത്തിയ നേതാക്കളെ വെറുതെവിടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി വംശഹത്യയുടെ പിന്നില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ പൊലീസും അര്‍ധസൈനിക വിഭാഗങ്ങളുമെല്ലാം സഹകരിച്ച് പ്രവര്‍ത്തിച്ചെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ നിയോഗിച്ച വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. പ്രസ്തുത വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മലായാള വിവര്‍ത്തനമാണ് സോളിഡാരിറ്റി പ്രസിദ്ധീകരിച്ചത്. റിപ്പോര്‍ട്ടിന്റെ മലയാള വിവര്‍ത്തനം സി.എ.എ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളായ ആയിശ റെന്ന, ലദീദ സഖ്ലൂണ്‍, ഷഹീന്‍ അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

വസ്തുതാന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡല്‍ഹി പൊലീസും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും തീരെ സഹകരിച്ചില്ല. അത്തരമെല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് സുപ്രീംകോടതിയില്‍ അഭിഭാഷകനായ അഡ്വ. എം.ആര്‍ ശംഷാദിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യാതിഥി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാംഖാന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

 

Related Articles