Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി വംശഹത്യ: 10 കോടിയുടെ പുനരധിവാസ പദ്ധതിയുമായി ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ഡല്‍ഹി വര്‍ഗീയ ആക്രമണത്തിലെ ഇരകളുടെ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും 10 കോടി രൂപയുടെ ബൃഹത് പദ്ധതിയുമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്. രാജ്യത്തെ വിവിധ സന്നദ്ധ സംഘടനകളെയും സാമൂഹിക പ്രവര്‍ത്തകരെയും പങ്കാളികളാക്കി ഒരുക്കുന്ന പദ്ധതിയിലൂടെ തകര്‍ക്കപ്പെട്ട പള്ളികളുടെ പുനരുദ്ധാരണത്തിനും ഭവനങ്ങളുടെ പുനര്‍നിര്‍മാണത്തിനുമായി വഖഫ് ബോര്‍ഡിന്റെയും ഡല്‍ഹി സര്‍ക്കാറിന്റെയും സഹകരണം ഉറപ്പുവരുത്തിയായിരിക്കും നടപ്പാക്കുക.

50 ഭവനങ്ങളുടെ നിര്‍മാണം, 150 ഭവനങ്ങളുടെ പുനരുദ്ധാരണം, പൂര്‍ണമായും ചാമ്പലാക്കുകയോ തകര്‍ക്കുകയോ ചെയ്ത 50 വാണിജ്യസ്ഥാപനങ്ങളുടെ പുനഃസ്ഥാപനം, ഭാഗികമായി തകര്‍ക്കപ്പെട്ട 100 കടകളുടെ പുനരുദ്ധാരണം, കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്ത 150 ഷോപ്പുകളുടെയും ഷോറൂമുകളുടെയും സ്റ്റോക്ക് ഒരുക്കല്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. അക്രമികള്‍ കത്തിച്ച മുസ്തഫാബാദിലെ അരുണ്‍ പബ്ലിക് സ്‌കൂളിന്റെ പുനരുദ്ധാരണവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതുകൂടാതെ ജീവിതായോധന മാര്‍ഗമെന്ന നിലയില്‍ 50 കുടുംബങ്ങള്‍ക്ക് ഓട്ടാേറിക്ഷകളും 100 കുടുംബങ്ങള്‍ക്ക് ഇ- റിക്ഷകളും 100 കുടുംബങ്ങള്‍ക്ക് സൈക്കിള്‍ റിക്ഷകളും 100 കുടുംബങ്ങള്‍ക്ക് ഉന്തുവണ്ടികളും 50 കുടുംബങ്ങള്‍ക്ക് പെട്ടിക്കടകളും വിതരണം ചെയ്യും.

20 കുടുംബങ്ങള്‍ക്ക് കമേഴ്‌സ്യല്‍ വാഹനങ്ങള്‍, 10 കുടുംബങ്ങള്‍ക്ക് ചെറിയ ചരക്കുവണ്ടികള്‍, അഞ്ച് കുടുംബങ്ങള്‍ക്ക് ഇടത്തരം ചരക്കുവണ്ടികള്‍ എന്നിവയും നല്‍കും. 50 വിധവകള്‍ക്ക് ബത്തയും 100 അനാഥകള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കും. 500 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. പരിക്കേറ്റ 60 പേരുടെ ചികിത്സ ഏറ്റെടുത്തതില്‍ 10 പേരുടെ നില ഗുരുതരമായിരുന്നു.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം ഇരകള്‍ക്ക് ലഭിക്കുന്നതിനാവശ്യമായ സാങ്കേതികവും നിയമപരവുമായ സഹായം വിഷന്‍ 2026ന് കീഴില്‍ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. അല്‍ശിഫ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിക്ക് കീഴിലുള്ള സഞ്ചരിക്കുന്ന ആശുപത്രി ദിവസേന 200ഓളം പേര്‍ക്ക് വിവിധ ഗലികളില്‍ സൗജന്യ പരിശോധനയും ചികിത്സയും തുടരുന്നുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഓഖ്‌ലയിലെ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നുണ്ടെന്നും ആരിഫലി കൂട്ടിച്ചേര്‍ത്തു.

Related Articles