Current Date

Search
Close this search box.
Search
Close this search box.

ആര്‍ട്ടിക്കിള്‍ 370: ഒന്നാം വാര്‍ഷികത്തില്‍ കശ്മീരില്‍ കര്‍ഫ്യൂ

ശ്രീനഗര്‍: ജമ്മുകശ്മരീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ കശ്മീര്‍ താഴ്‌വരില്‍ കര്‍ശന സുരക്ഷയും കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. കശ്മീര്‍ സംസ്ഥാനത്തിന് സ്വയം നിര്‍ണയാനുമതി ഉണ്ടായിരുന്ന ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം നല്‍കുന്ന 370ാം വകുപ്പ് 2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്. ശേഷം കശ്മീരിനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ശ്രീനഗര്‍ ജില്ല മജിസ്‌ട്രേറ്റാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. താഴ്‌വരയില്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതല്‍ എന്ന നിലക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. വിഘടനവാദികളും പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ചില സംഘടനകളും ഓഗസ്റ്റ് അഞ്ചിന് കരിദിനമാചരിക്കുമെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കശ്മീരിലുടനീളം കര്‍ഫ്യൂ ശക്തമായി നടപ്പിലാക്കുമെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലിസ് വിജയ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് 19 ലോക്ക് ഡൗണിന്റെ ഇളവുകള്‍ ഈദിന് മാത്രമാണ് നല്‍കിയതെന്നും വരും ദിവസങ്ങളില്‍ തീവ്രവാദികളുടെ ആക്രമണമുണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനെതിരെ നേരത്തെ കശ്മീരില്‍ ജനങ്ങള്‍ ഒന്നടങ്കം ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. തുടര്‍ന്ന് സുരക്ഷ സേനയും ജനങ്ങളും തമ്മില്‍ ഏറ്റുമുട്ടലും സംഘര്‍ഷവും നിലനിന്നിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം വരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല,മെഹബൂബ മുഫ്തി എന്നിവരെയടക്കം വീട്ടുതടങ്കലിലാക്കുകയും ഇന്റര്‍നെറ്റ് പൂര്‍ണമായും റദ്ദാക്കുകയും ചെയ്തിരുന്നു. ചില നിയന്ത്രണങ്ങള്‍ താഴ്‌വരയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Related Articles