Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ എം.പിമാരുടെ കശ്മീര്‍ സന്ദര്‍ശനം: പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെന്ന പേരില്‍ കശ്മീര്‍ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ എം.പിമാരുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. പ്രതിപക്ഷ പാര്‍ട്ടി കക്ഷികളാണ് പ്രധാനമായും വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ എം.പിമാരെ വിമാനത്താവളത്തില്‍ തടയുമ്പോള്‍ വിദേശത്ത് നിന്നുള്ള എം.പിമാരെ കശ്മീരിലേക്ക് സ്വാഗതം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

കശ്മീര്‍ സന്ദര്‍ശിക്കുന്നത് യൂറോപ്പിലെ ഇസ്‌ലാമോഫോബിയയുടെ വക്താക്കളാണെന്ന് വിമര്‍ശനവുമായി ലോക്‌സഭ എം.പിയായ അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി. ‘തിരിച്ചു പോകൂ, ധര്‍മമെങ്കിലും ഇവിടെ ശേഷിക്കട്ടെ’ ഉവൈസി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ ജനാധിപത്യത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള നേതാക്കന്‍മാരെയും എം.പിമാരെയും വിമാനത്താവളത്തില്‍ നിന്നും മടക്കി അയക്കുന്നവര്‍ യൂറോപ്യന്‍ എം.പിമാരുടെ സന്ദര്‍ശനത്തിനും ഇടപെടലിനും അനുമതി നല്‍കുന്നു. ഇത് വളരെ അപൂര്‍വമായ ദേശീയതയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

ചൊവ്വാഴ്ച രാവിലെ കശ്മീരിലെത്തിയ 27 അംഗ യൂറോപ്യന്‍ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തും. സംഘത്തിലുള്ളവര്‍ ബി.ജെ.പിയോട് അനുഭാവമുള്ളവരാണെന്നും കശ്മീരില്‍ പ്രശ്‌നങ്ങളില്ലെന്ന് ലോകത്തെ അറിയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സംഘം എത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കശ്മീരിനുള്ള പ്രത്യേക ഭരണഘടന പദവി എടുത്ത് കളഞ്ഞതിന് ശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ രണ്ടു മാസം പിന്നിടുമ്പോഴും തുടരുന്ന വേളയിലാണ് എം.പിമാരുടെ സന്ദര്‍ശനം. 27 എം.പിമാരില്‍ 25 പേരും തീവ്രവലതുപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. മൂന്ന് പേര്‍ മാത്രമാണ് ഇടത്-ലിബറല്‍ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍. ഇന്ന് ഉച്ചയ്ക്ക് സൈനിക ആസ്ഥാനം സന്ദര്‍ശിക്കുന്ന എം.പിമാര്‍ അവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കും.

Related Articles