Current Date

Search
Close this search box.
Search
Close this search box.

ക്രീമിലെയര്‍ സംവരണ അട്ടിമറി തന്നെയാണ്: സോളിഡാരിറ്റി

കോഴിക്കോട്: രാജ്യത്ത് ഭരണഘടനയും ദേശരാഷ്ട്രവും നിലവില്‍ വരുന്നതിന് കാരണമായ സാമൂഹിക കരാറുകളുടെ ഫലമാണ് സാമുദായിക സംവരണം. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമാക്കപ്പെട്ട സമുദായിക വിഭാഗങ്ങളെ അധികാര പങ്കാളിത്വത്തിലേക്കും മുഖ്യധാരയിലേക്കും ഉയര്‍ത്തിക്കൊണ്ടുവരാനാണ് സംവരണം നടപ്പാക്കപ്പെട്ടത്.

സാമുദായിക മാനദണ്ഡങ്ങള്‍ക്കപ്പുറത്ത് സാമ്പത്തിക മാനദണ്ഡങ്ങള്‍ സംവരണത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ സംവരണത്തിന്റെ ആത്മാവുതന്നെയാണ് റദ്ദ് ചെയ്യപ്പെടുന്നത്. സംവരണത്തെ സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തില്‍ അട്ടിമറിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രായോഗിക രൂപമാണ് ക്രീമിലെയര്‍ സംവിധാനമെന്നും സംവരണത്തിലൂടെയുള്ള സാമൂഹിക നീതി ഉറപ്പാക്കാന്‍ അതുടനെ പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അഭിപ്രായപ്പെട്ടു.

സബ്കലക്ടറായി നിയമനം ലഭിച്ചശേഷം ക്രീമിലെയറിന്റെ പേരില്‍ പുറത്താക്കപ്പെടുന്നത് സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പരിഗണിച്ച് നോക്കുമ്പോള്‍ വ്യക്തമായ അനീതിയാണ്. സാമുദായിക സംവരണത്തിന് സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉണ്ടാകുന്നതോടെ സാമുദായിക പിന്നാക്കാവസ്ഥയെന്ന സംവരണ തത്വം കെട്ടിപ്പടുത്ത ആശയംതന്നെ തകരുകയാണ്.

ഔദ്യോഗികമായിതന്നെ രാജ്യത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന സംവരണ അട്ടിമറികള്‍ക്ക് പിന്തുണ നല്‍കുന്ന തരത്തിലുള്ള സമീപനങ്ങല്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട കോടതിയില്‍ നിന്ന്തന്നെ അടുത്തകാലത്തുണ്ടായിക്കൊണ്ടിരിക്കുന്നെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ പൊതുബോധത്തില്‍ നിലനില്‍ക്കുന്ന സംവരണവിരുദ്ധതയുടെ പ്രയോഗവല്‍കണത്തിനുള്ള മാര്‍ഗമായി മാറുന്ന ക്രീമിലെയര്‍ പോലുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും നഹാസ് മാള കൂട്ടിച്ചേര്‍ത്തു.

Related Articles