Kerala VoiceNews

ആരോഗ്യ സ്ഥാപനങ്ങളും വളണ്ടിയര്‍മാരെയും വിട്ടുനല്‍കും: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി സര്‍ക്കാറുമായും ആരോഗ്യ വകുപ്പുമായും സഹകരിച്ച് മുന്നോട്ടു പോകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ എം.ഐ അബ്ദുല്‍ അസീസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇതിനായി ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെ മുന്‍കയ്യില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും സേവനം ലഭ്യമാക്കും. പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരേയും സര്‍ക്കാറിന് വിട്ടുനല്‍കും. സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും സമൂഹവും ഒന്നിച്ചുനീങ്ങേണ്ട ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. കൊറോണ വൈറസ് ബാധ മൂന്നാംഘട്ടത്തിലേക്ക് കടക്കാതിരിക്കാന്‍ കേരളം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രതിരോധ നടപടികള്‍ കാര്യക്ഷമമായി തന്നെ മുന്നോട്ട് നീങ്ങുന്നുണ്ട്.

അതേസമയം, സാമൂഹ്യ, സാമ്പത്തിക, തൊഴില്‍ മേഖലകള്‍ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പൊതുഗതാഗതവും കടകമ്പോളങ്ങളും നിശ്ചലമായതിനെ തുടര്‍ന്ന് ദിവസക്കൂലിക്കാരായ കുടുംബങ്ങള്‍ പ്രയാസം നേരിടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാറിനൊപ്പം സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ശ്രദ്ധയിലുണ്ടായിരിക്കണം. സാമൂഹ്യമായ അകലം പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം കേരളത്തിലെ ആയിരക്കണക്കിന് പാലിയേറ്റീവ് കെയറുകളുടെ സേവനം ലഭ്യമായിരുന്ന രോഗികളും, ഭിന്നശേഷിക്കാരും വാര്‍ധക്യം ബാധിച്ചവരും ഒറ്റപ്പെട്ടുപോകരുതെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

Facebook Comments
Related Articles
Show More
Close
Close