Current Date

Search
Close this search box.
Search
Close this search box.

ഹര്‍ത്താല്‍ ജപ്തി നടപടി: വിവേചനത്തിനെതിരെ മുസ്ലിം സംഘടനകള്‍

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിന്റെ പേരിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട കേരള ഹൈക്കോടതിയുടെ വിവേചനപരമായ നടപടിയെ ചോദ്യം ചെയ്ത് വിവിധ മുസ്ലിം മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തെത്തി.

കേരളത്തില്‍ ഇതുവരെയായി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നാളിതുവരെയായി നഷ്ടപരിപാഹാരം ഈടാക്കാന്‍ നടപടിയെടുക്കാതെ ഒരു വിഭാഗത്തിനെതിരെ ധൃതി പിടിച്ച് നടപ്പാക്കിയ ജപ്തി നടപടികള്‍ വിവേചനപരവും നീതിന്യായ വ്യവസ്ഥയില്‍ നിന്നു തന്നെയുള്ള അനീതിയാണെന്നും വിവിധ സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവകളില്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, ഐ.എസ്.എം കേരള, വെല്‍ഫെയര്‍ പാര്‍ട്ടി, സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍, ജമാഅത്തെ ഇസ്ലാമി അമീര്‍ എം.ഐ അബ്ദുല്‍ അസീസ് എന്നിവരാണ് പ്രതികരണം നടത്തിയത്.

സോളിഡാരിറ്റി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്നും ഈടാക്കാനുള്ള ഉത്തരവിന് മേല്‍ ഹൈക്കോടതി സ്വീകരിക്കു നടപടി വിവേചനപരമാണ്. സമാനമായ സംഭവങ്ങളില്‍ സ്വീകരിക്കാത്ത നടപടികള്‍ ഇക്കാര്യത്തില്‍ ധൃതിയില്‍ നടപ്പാക്കുന്നത് ഇരട്ടനീതിയാണ്.

ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ വ്യവസ്ഥയില്‍ സൂചിപ്പിച്ച തുക കെട്ടിവെച്ചിരുന്നു. അതിനു പുറമെ ഗടഞഠഇ ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്റെ വിശദാംശങ്ങള്‍ ഇത് വരെ കോടതി നിയമിച്ച ക്ലെയിംസ് കമ്മീഷണറോ കേരള സര്‍ക്കാരോ സമര്‍പ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ട് കെട്ടുന്നത് ന്യായമല്ല. രാഷ്ട്രീയ പാര്‍ട്ടി കളുടേയും നിരവധി ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അതില്‍ പലതും അക്രമാസക്തമായിരുന്നു. കോടികളുടെ നഷ്ടങ്ങള്‍ സംഭവിച്ച ആ ഹര്‍ത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്നത് തികച്ചും അസ്വാഭാവികമാണ്.

ഒരു ഹര്‍ത്താലിന്റെ തുടര്‍ നടപടിയായി വീട് ജപ്തിയും, സ്വത്ത് കണ്ട് കെട്ടലുമൊക്കെ നൂറ് കണക്കിന് ഹര്‍ത്താലുകള്‍ നടന്നിട്ടുള്ള കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സംഭവിക്കുന്നത് എന്നത് കോടതിയുടെ ഇടപെടലിന്റെ വിവേചന പരതയാണ് വെളിവാക്കുന്നത്.

സത്താര്‍ പന്തല്ലൂര്‍ (എസ്.കെ.എസ്.എസ്.എഫ്- സംസ്ഥാന ജനറല്‍ സെക്രട്ടറി)

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ പേരില്‍ ദ്രുത ഗതിയില്‍ ജപ്തി നടപടികള്‍ നടക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ചാല്‍ അത് ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ കോടതിയും സര്‍ക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്.
എന്നാല്‍ ഈ പോപ്പുലര്‍ ഫ്രണ്ട് കാര്‍ മാത്രമാണോ നമ്മുടെ നാട്ടില്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ചത് ? ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതല്‍ നശിപ്പിച്ചതിലൊന്നും ഈ ജാഗ്രത കാണിക്കാത്തതിന്റെ താത്പര്യം എന്താണ് ?
പോപുലര്‍ ഫ്രണ്ട് ഒരു തീവ്രമായ ആവിഷ്‌കാരമാണ്. എന്നുവെച്ച് പൊതുമുതല്‍ നശിപ്പിച്ച കുറ്റം അവരുടെ ഹര്‍ത്താല്‍ മുതല്‍ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യേണ്ടതല്ല. എന്നാല്‍ വിവേചനമെന്ന് തോന്നിക്കുന്ന തിടുക്കം ആരോഗ്യകരമായ ജനാധിപത്യത്തിന്റെയോ നിയമ വാഴ്ചയുടേയോ ലക്ഷണമല്ല. അനീതിക്കിരയാവുന്നവര്‍ അവര്‍ ആരായാലും അവര്‍ക്ക് വേണ്ടി നിലകൊള്ളുന്നതാകണം നമ്മുടെ നീതിന്യായ സംവിധാനവും ജനാധിപത്യ വ്യവസ്ഥയും. പോപുലര്‍ ഫ്രണ്ട്, എന്‍ ഡി എഫ് ആയിരുന്ന കാലം മുതല്‍ കൃത്യമായ അകലവും എതിര്‍പ്പും സമുദായ നേതൃത്വം കാണിച്ചിട്ടുണ്ട്. ആ നിലപാടിലൊന്നും യാതൊരു മാറ്റവുമില്ല.

ഐ.എസ്.എം 

ഹര്‍ത്താല്‍ ജപ്തിയില്‍ സ്വാഭാവിക നീതി നിഷേധിക്കരുത്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ധൃതിപിടിച്ച നീക്കം അസ്വാഭിവകമാണ്. രാഷ്ട്രീയ പാര്‍ട്ടികളും അല്ലാത്തവരും നിരവധി ഹര്‍ത്താലുകള്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. വിയോജിപ്പുകളെ ബുള്‍ഡോസറുകള്‍ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യന്‍ സമീപനത്തിന്റെ ആവര്‍ത്തനമായി ജപ്തി നടപടികള്‍ മാറരുത്.

ജമാഅത്തെ ഇസ്ലാമി

ഹര്‍ത്താല്‍ മൂലമുണ്ടായ നഷ്ടം ഈടാക്കുന്നതിന് പ്രതിചേര്‍ക്കപ്പെട്ടവരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ ഹൈക്കോടതി കാണിക്കുന്ന ധൃതി രാജ്യത്ത് ഇരട്ട നീതിയാണ് നടപ്പിലാകുന്നത് എന്നതിനുള്ള അവസാനത്തെ ഉദാഹരണമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. പൊതുനഷ്ടത്തെ സംബന്ധിച്ച പഠനം നടത്തി തീര്‍പ്പിലെത്തുന്നതിനും കുറ്റക്കാരായി വിധിക്കുന്നതിനും മുമ്പാണ് ഹൈക്കോടതി നടപടിക്ക് സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നത്. ഇത് ഒരു പ്രത്യേക വിഭാഗത്തോടുള്ള വിവേചനമാണെന്ന ധാരണ സമൂഹത്തിലുണ്ടാക്കുമെന്നും അമീര്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി

നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സെപ്തംബറില്‍ പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉണ്ടായ പൊതുമുതല്‍ നഷ്ടത്തിന്റെ പേരില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ പി.എഫ്.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വത്തുകള്‍ കണ്ട്‌കെട്ടികൊണ്ടിരിക്കുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. തീര്‍ത്തും വിവേചനപരവും വംശീയ വേര്‍തിരിവുമുളള തീരുമാനമാണ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

ഹര്‍ത്താലിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിനുശേഷം കേരളത്തില്‍ നിരവധി ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. അതില്‍ പലതിലും അക്രമവും പൊതുമുതല്‍ നശിപ്പിക്കലും ഉണ്ടായത് കേരളം കണ്ടതാണ്. അത്തരം ഒരു സംഭവവികാസത്തോടും സ്വീകരിക്കാത്ത കാര്‍ക്കശ്യ സമീപനം ഇപ്പോള്‍ മാത്രം സ്വീകരിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. സംഘപരിവാര്‍ കാലത്ത് ആര്‍.എസ്.എസ് ശത്രുക്കളായി പ്രഖ്യാപിച്ച ജനവിഭാഗങ്ങളെ അവസരങ്ങള്‍ സൃഷ്ടിച്ച് കൈകാര്യം ചെയ്യുന്ന രീതിയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയു.
അക്രമ പ്രവര്‍ത്തനം ആരുടെ ഭാഗത്തു നിന്നായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. പക്ഷേ ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരെ മാത്രമായി അത് ഉപയോഗിക്കുമ്പോള്‍ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. എത്ര വേഗമാണ് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കോടതിയും സര്‍ക്കാരും കടന്നിരിക്കുന്നത്. ചിലര്‍ക്കെതിരെ മാത്രമാകുമ്പോള്‍ നീതി നിര്‍വഹണത്തിന് എന്തൊരു വേഗതയാണ്.

പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് കണ്ട് കെട്ടിയ യു പി സര്‍ക്കാരിന്റെയും ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയ യു.പി, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി നഗരസഭ തുടങ്ങിയ ബി.ജെ.പി സര്‍ക്കാരുകളുടെയും വംശീയ വിവേചനത്തിന് സമാനമായ നടപടിയാണ് കേരളത്തില്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത്.

വംശഹത്യയുടെ 10 ഘട്ടങ്ങളില്‍ ഒന്നായി ജൈനോസൈഡ് വാച്ച് എണ്ണുന്നതാണ് പ്രതീകവത്കരണവും കുറ്റാരോപണവും. അതിന്റെ ചെറുരൂപങ്ങളാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ അക്രമാസക്തമായ ഹര്‍ത്താലാണ് സംഘ്പരിവാര്‍ നടത്തിയത്. ബി.ജെ.പിയുടെ സമുന്നത നേതാക്കളുടെ നേതൃത്വത്തിലാണ് കേരളം മുഴുവന്‍ പൊതുമുതല്‍ നശിപ്പിച്ചും പോലീസുകാരെ ആക്രമിച്ചും അഴിഞ്ഞാടിയത്. അതിന്റെ പേരില്‍ ഒരാള്‍ക്കെതിരെയും ഇത്തരത്തിലുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആ കേസുകളെല്ലാം ഇപ്പോള്‍ നിശ്ചലവുമാണ്. ചിലര്‍ ചെയ്യുന്നത് സ്വാഭാവികവും മറ്റുചിലരുടേത് അസ്വാഭാവികവും എന്ന് നിയമവ്യവസ്ഥകള്‍ തന്നെ വിലയിരുത്താന്‍ തുടങ്ങിയാല്‍ അതിനര്‍ത്ഥം നീതിപൂര്‍വമായ നിയമനിര്‍വഹണ വ്യവസ്ഥ ദുര്‍ബലമായിരിക്കുന്നു എന്നാണ്. അത്തരമൊരു സന്ദേശം ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല.

Related Articles