Current Date

Search
Close this search box.
Search
Close this search box.

വിവേചനപരമായ പൗരത്വബില്ല് മുസ്ലിം വിരുദ്ധതയുടെ തുടര്‍ച്ച: സോളിഡാരിറ്റി

കോഴിക്കോട്: ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമായ എല്ലാവര്‍ക്കും നിയമത്തിലുള്ള തുല്യാവകാശത്തെ ഇല്ലാതാക്കുന്ന വിവേചനമാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വബില്ലിലൂടെ നടപ്പാക്കാന്‍ തുനിയുന്നത്. പൗരന്മാരെ രാജ്യത്ത് അപരരായി ചിത്രീകരിച്ച് പുറംതള്ളാനും ഭരണത്തില്‍ തുടരാനുമുള്ള സംഘ്പരിവാറിന്റെ മുസ്ലിം വിരുദ്ധ പദ്ധതികളുടെ തുടര്‍ച്ചയാണിതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള.

മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗത്തെ മാത്രം ഇരകളാക്കുന്ന തരത്തില്‍ വ്യക്തമായ വിവേചനമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ നടപ്പാക്കപ്പെടുന്നത്. എന്‍.ആര്‍.സിയിലൂടെയും എന്‍.ആര്‍.പിയിലൂടെയും പൗരത്വത്തെ സംശയത്തിന്റെ നിഴലിലാക്കപ്പെട്ടവരെ പുറത്താക്കുമ്പോള്‍ മുസ്ലിംകളെ മാത്രം ഇരകളാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണിത്.
പ്രത്യേക പരിഗണനകള്‍ ദേശീയതക്ക് വിരുദ്ധമാണെന്ന് വാദിച്ച് കശ്മീരിനെ പിച്ചിച്ചീന്തിയവര്‍ തന്നെ പൗരത്വബില്ലില്‍ ചില പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ബില്ല് കൊണ്ടുവരുന്നത് കൃത്യമായ ലക്ഷ്യത്തോടൊണ്.

പൗരത്വബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഈ ബില്ലില്‍നിന്ന് ഒഴിവാക്കുന്ന രീതിയിലുള്ള ചട്ടങ്ങളുണ്ടാക്കി മുസ്ലിംകളെ മാത്രം ഇരസ്ഥാനത്തു നിര്‍ത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. പൗരത്വം തെളിയിക്കാനും അവകാശങ്ങള്‍ സ്ഥാപിക്കാനും എന്ത് തെളിവുകള്‍ ഹാജരാക്കിയാലും ഞങ്ങള്‍ക്ക് താല്‍പര്യമുള്ളവരെ മാത്രം പൗരന്മാരായി അംഗീകരിക്കാനും അല്ലാത്തവരെയെല്ലാം സംശയിക്കാനും തങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് ഭരണകൂടം പ്രഖ്യാപിക്കുന്നത്. മുസ്ലിം വിരുദ്ധത മാത്രം ലക്ഷ്യമാക്കുന്ന ഇത്തരം പ്രക്രിയകള്‍ സമുദായം ബഹിഷ്‌കരിക്കണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.

Related Articles