Current Date

Search
Close this search box.
Search
Close this search box.

ഖറദാവി അനുസ്മരണ സമ്മേളനം നടത്തി സി.ഐ.സി ഖത്തര്‍

ദോഹ: ഇസ് ലാമിന്റെ ഭാവിയെ കുറിച്ച പ്രതീക്ഷകൾക്ക് കരുത്ത് പകരുകയും പ്രതിസന്ധികളഭിമുഖീകരിക്കുന്ന മുസ്‌ലിം സമുദായത്തിന് ആത്മവിശ്വാസം പകർന്നു നൽകുകയും ചെയ്ത പണ്ഡിതനും പ്രസ്ഥാന നായകനുമായിരുന്നു ശൈഖ് യൂസുഫുൽ ഖറദാവി എന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി ഐ സി ഖത്തർ ) സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.

പുതിയ കാലഘട്ടത്തിന്റെ നവോത്ഥാന നായകനായിരുന്നു ശൈഖ് ഖറദാവിയെന്ന് അദ്ദേഹത്തോടൊപ്പം നാൽപത് വർഷത്തോളം ഒന്നിച്ച് പ്രവർത്തിച്ച അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത വേദി ജനറൽ സെക്രട്ടറി ഡോ. ശൈഖ് അലി മുഹ് യിദ്ദീൻ അൽ ഖറദാഗി പറഞ്ഞു.സമൂഹത്തിന്റെ പ്രശ്നങ്ങളിൽ അതിരുകളെ ഭേദിച്ച് നിരന്തരം ഇടപെട്ട പണ്ഡിതനായിരുന്നു അദ്ദേഹം. ഇസ് ലാമിന് വേണ്ടി ജീവിച്ച, സമൂഹത്തിന്റെ ഐക്യത്തിനും ഉത്ഥാനത്തിനും വേണ്ടി കർമനിരതനായ മഹാ വ്യക്തിത്വമായിരുന്നു അദ്ദേഹം എന്നും ഡോ. ഖറദാഗി തുടർന്നു.

മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിച്ച് ദുർബലപ്പെടുത്താനുള്ള സാമ്രാജ്യത്വ ശക്തികളുടെ ഉപജാപങ്ങളെ ന്യായയുക്തമായി പ്രതിരോധിക്കാൻ ജീവിതം സമർപ്പിച്ച പണ്ഡിതനയിരുന്നു ശൈഖ് ഖറദാവി എന്ന് ജമാഅത്തെ ഇസ് ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗവും ശാന്തപുരം അൽ ജാമിഅ റെക്ടറുമായ ഡോ. അബ്ദുസ്സലാം അഹ് മദ് അഭിപ്രായപ്പെട്ടു.

അദ്ദേഹം മുന്നോട്ട് വെച്ച മിതത്വത്തിലൂന്നിയ നിലപാടുകളും ആശയങ്ങളും ഇസ്‌ലാം വിരുദ്ധ ശക്തികളുടെ ഗൂഢാലോചനകളെ അതിജീവിച്ചു നിലനിൽക്കുകയും പുലരുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.ഏത് പ്രശ്നത്തെയും പതർച്ചയില്ലാതെ ധീരമായഭിമുഖീകരിച്ച മഹാ പണ്ഡിതനായിരുന്നു ഖറദാവിയെന്ന് കേരള ഇസ് ലാമിക് സെന്റർ പ്രസിഡണ്ട് എ വി അബൂബക്കർ അൽ ഖാസിമി പറഞ്ഞു.

ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങളിലൂന്നി ഖത്തറിന്റെ സാംസ്കാരികാടിത്തറകൾ വികസിപ്പിക്കുന്നതിൽ താത്വികവും പ്രയോഗപരവുമായ പങ്ക് വഹിച്ച മഹാ വ്യക്തിത്വമാണ് ശൈഖ് ഖറദാവിയെന്ന് അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച സി ഐ സി ആക്ടിംഗ് പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് പറഞ്ഞു.പ്രാദേശികമായും അന്തർദേശീയമായും ഏറെ ശ്രദ്ധിക്കപ്പെട്ട ഖത്തറിന്റെ വ്യതിരിക്തമായ നിലപാടുകളിൽ അതിന്റെ സ്വാധീനം ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്‌ലാമിന്റെ കർമശാസ്ത്ര നിലപാടുകളെ സാധാരണക്കാരായ ജനങ്ങൾക്ക് പ്രാപ്യമാക്കുന്നതിൽ അനിതരസാധാരണമായ പങ്ക് വഹിച്ച പണ്ഡിതനാണ് ശൈഖ് ഖറദാവിയെന്ന് ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് കെ.എൻ സുലൈമാൻ മദനി പറഞ്ഞു.കെ എം സി സി സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി, വിമൻ ഇന്ത്യ പ്രസിഡണ്ട് നഹ് യ ബീവി,യൂത്ത് ഫോറം വൈസ് പ്രസിഡന്റ് എം ഐ അസ് ലം തൗഫീഖ് എന്നിവർ പ്രസംഗിച്ചു.സി ഐ സി കേന്ദ്ര സമിതി അംഗം പി.പി അബ്ദുറഹിം ശൈഖ് അലി മുഹ് യിദ്ദീൻ അൽ ഖറദാഗിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തി.അന്താരാഷ്ട്ര മുസ് ലിം പണ്ഡിത വേദി അംഗം ഹുസൈൻ കടന്നമണ്ണ, ഗ്രന്ഥകാരനായ എം എസ് എ റസാഖ്, എഫ് സി സി ഡയറക്ടർ ഹബീബ് റഹ്മാൻ കീഴിശ്ശേരി എന്നിവർ സംബന്ധിച്ചു. സി ഐ സി ജനറൽ സെക്രട്ടറി നൗഫൽ പാലേരി സ്വാഗതം പറഞ്ഞു. യാസിർ ഇ പരിപാടി നിയന്ത്രിച്ചു.

Related Articles