Current Date

Search
Close this search box.
Search
Close this search box.

നടുക്കുന്ന ഓര്‍മയില്‍ ക്രിസ്റ്റ് ചര്‍ച്ചിലെ പള്ളികള്‍ നാളെ വീണ്ടും ജുമുഅക്കായി തുറക്കും

ക്രിസ്റ്റ്ചര്‍ച്ച്: വെടിയൊച്ചകളുടെ നടുക്കുന്ന ഓര്‍മകള്‍ മായും മുന്‍പേ അവര്‍ വീണ്ടും നാളെ ജുമുഅ നമസ്‌കാരത്തിനായി ആ പള്ളികളില്‍ ഒരുമിച്ചു കൂടും. 50 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ക്രിസ്റ്റ്ചര്‍ച്ചിലെ അല്‍നൂര്‍ മസ്ജിദും ലിന്‍വുഡ് ഇസ്‌ലാമിക് സെന്ററും ചെറിയ ഇടവേളക്ക് ശേഷം നാളെ വീണ്ടും ജുമുഅ ഖുതുബക്കും നമസ്‌കാരത്തിനുമായി തുറക്കും.

കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുതുബ ആരംഭിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ആസ്‌ത്രേലിയക്കാരനായ ഭീകരന്‍ യന്ത്രത്തോക്കുമായി പള്ളിയിലേക്ക് ഇരച്ചു കയറി വിശ്വാസികള്‍ക്കു നേരെ നിറയൊഴിച്ചത്. തുടര്‍ന്ന് പള്ളിയിലെ സ്വഫുകളിലും തറയിലും രക്തം തളംകെട്ടി നില്‍ക്കുന്ന അവസ്ഥയായിരുന്നു. പള്ളിയുടെ ചുമരുകള്‍ക്കും ജനല്‍ ചില്ലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് പള്ളികള്‍ മുഴുവന്‍ വൃത്തിയാക്കിയും പെയിന്റടിച്ചും കേടുപാടുകള്‍ തീര്‍ത്തതിനും ശേഷമാണ് നാളെ വീണ്ടും നമസ്‌കാരത്തിനായി തുറക്കുന്നത്. പള്ളിയും പരിസരവും കനത്ത പൊലിസ് സുരക്ഷയിലാണ്.

വെള്ളിയാഴ്ച ജുമുഅയുടെ ബാങ്ക് വിളി രാജ്യത്തെ ടി.വി ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും ഈ സമയം രാജ്യം രണ്ടു മിനിറ്റ് നേരം മൗനമാചരിക്കുമെന്നും നേരത്തെ പ്രധാനമന്ത്രി ജസീന്ത അര്‍ദെന്‍ അറിയിച്ചിരുന്നു. ജുമുഅ നമസ്‌കാര സമയത്ത് ആവശ്യമായ സുരക്ഷയും മുന്‍കരുതലുമായി ഞങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്ന് പൊലിസ് വക്താവും അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ ഖബറടക്ക ചടങ്ങുകളും ഈ പള്ളികളില്‍ നടക്കുന്നുണ്ട്. പാകിസ്താന്‍,ഇന്ത്യ,മലേഷ്യ, ഇന്തോനേഷ്യ,തുര്‍ക്കി,സൊമാലിയ,അഫ്ഗാനിസ്താന്‍,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. 42 പേര്‍ക്ക് പരുക്കേറ്റിരുന്നു.

Related Articles