India TodayNews

പൗരത്വ ബില്‍: പ്രതിഷേധാഗ്നിയില്‍ കത്തി വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍- VEDIO

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിപ്പടരുന്നു. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നേരെയും മന്ത്രിമാരുടെ വസതികള്‍ക്ക് നേരെയും ആക്രമണങ്ങളും തീവെപ്പുമുണ്ടായി. ബി.ജെ.പി ഓഫിസുകള്‍ അടിച്ചു തകര്‍ത്ത ജനങ്ങള്‍ ഇപ്പോഴും തെരുവില്‍ പ്രതിഷേധവുമായി റോഡ് ഉപരോധ സമരത്തിലാണ്. ദേശീയ, സംസ്ഥാന പാതകളാണ് തടസ്സപ്പെടുത്തുന്നത്.

സംഘര്‍ഷം രൂക്ഷമായതോടെ പ്രതിഷേധക്കാരെ നേരിടാന്‍ കേന്ദ്രം മിക്കയിടങ്ങളിലും സൈന്യത്തെ വിന്യസിച്ചു. 12 കമ്പനി ആര്‍.പി.എഫിനെയാണ് മേഖലയില്‍ വിന്യസിച്ചത്. മേഖലയില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. അസം റൈഫിള്‍സിനെയും പ്രക്ഷോഭകാരികളെ നേരിടാന്‍ രംഗത്തിറക്കിയിട്ടുണ്ട്.

അസമിലാണ് ഏറെ രൂക്ഷമായ പ്രക്ഷോഭം അരങ്ങേറിയത്. വിദ്യാത്ഥി സംഘടനയുടെ നേതൃത്വത്തിലാണ് അസമരില്‍ സമരം കൊടുമ്പിരികൊള്ളുന്നത്. ആള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ വിളിച്ച ചേര്‍ത്ത സമരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്് പുറമെ നടന്‍മാരും ഗായകരും സാംസ്‌കാരിക നേതാക്കളും ഉള്‍പ്പടെ രംഗത്തെത്തി.

സമരക്കാര്‍ കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീട് ആക്രമിച്ചു. അസമിലും ത്രിപുരയിലും സൈന്യമിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഇരു സംസ്ഥാനങ്ങളിലും നൂറുകണക്കിന് വാഹനങ്ങളാണ് പ്രക്ഷോഭകര്‍ അഗ്‌നിക്കിരയാക്കിയത്.

എ.ജി.പി രാജ്യസഭാംഗം ബീരേന്ദ്ര പ്രസാദിന്റെ വീടിനു നേര്‍ക്കും കല്ലേറുണ്ടായി. തിസ്പൂരിലെയും കര്‍ബി ആങ്ലോംഗിലെയും ബി.ജെ.പി ഓഫീസുകള്‍ ജനക്കൂട്ടം അടിച്ചു തകര്‍ത്തു. ഗുവാഹത്തിയിലെ പാര്‍ട്ടിയുടെ പണി പൂര്‍ത്തിയായി വരുന്ന മുഖ്യ കാര്യാലയത്തിനു നേരെയും ആക്രമണം അരങ്ങേറി.
ഗുവാഹത്തിയിലെ മുഴുവന്‍ കോളജുകളെയും സ്തംഭിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ റോഡിലിറങ്ങിയത്.

പ്രക്ഷോഭം ശക്തമായതോടെ വടക്കു-കിഴക്കന്‍ മേഖലകളിലെ ട്രെയിന്‍-വ്യോമ ഗതാഗതത്തെ ബാധിച്ചു. നിരവധിയിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. ട്രെയിനുകള്‍ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി. അസമില്‍ ഉള്‍ഫ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്.
അസമിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു. പാണിട്ടോല, ചബുവ റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് തീയിട്ടത്.

അസമിലും ത്രിപുരയിലും ചില ജില്ലകളില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അസമിലെ ലഖിംപുര്‍, തിന്‍സുകിയ, ദേമാജി, ദിബ്രുഗഡ്, ചാരായിദിയോ, ശിവസാഗര്‍, ജോര്‍ഘട്ട്, കാംരൂപ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. അസമില്‍ കൃഷക് മുക്തി സന്‍ഗ്രം എന്ന സംഘടന അനിശ്ചിത കാലത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്പ്രിയ ഗുവാഹത്തി അന്താരാഷ്ട്ര വിമാത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നു. പിന്നീട് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി തിരിച്ചത്.

Facebook Comments
Tags
Show More
Close
Close