Current Date

Search
Close this search box.
Search
Close this search box.

പൗരത്വ ഭേദഗതി ബില്‍: മുസ്‌ലിം സംഘടനകളുടെ പ്രതികരണങ്ങള്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെ നിര്‍ബാധം തള്ളിപ്പറഞ്ഞ് വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തു വന്നു. വിവിധ സംഘടനകളുടെ പ്രതികരണങ്ങള്‍ വായിക്കാം.

മുസ്‌ലിം ലീഗ്

മതേതരജനാധിപത്യ കക്ഷികളുമായി ചേര്‍ന്ന് ബില്ല് നിയമമാവാതിരിക്കാന്‍ സാധ്യമായതല്ലാം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞാലിക്കുട്ടി പറഞ്ഞു. ബില്ല് നിയമമാവുകയാണങ്കില്‍ ബില്ലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് സുപ്രീം കോടതിയെ സമീപിക്കും.
ബില്ലിനെതിരെ രാഷ്ട്രീയമായും നിയമപരമായും പൊരുതും. ബില്‍ മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്. ബില്‍ പാസായാല്‍ കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സമസ്ത

രാജ്യത്തു വിവേചനമുണ്ടാക്കുന്നതാണ് പൗരത്വബില്‍ എന്നും ന്യൂനപക്ഷത്തിന്റെ അവകാശം സര്‍ക്കാര്‍ ധ്വംസിക്കരുതെന്നും ബില്ലില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്ന രീതിയില്‍ പ്രശ്നങ്ങളില്‍ ഇടപെടും. ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തണം. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ന്യൂനപക്ഷം വലിയപങ്ക് വഹിച്ചിട്ടുണ്. ന്യൂനപക്ഷ അവകാശം വകവയ്ക്കാതെ ഒരു സര്‍ക്കാരിനും മുന്നോട്ടു പോകാനാവില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമി

രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കുമുള്ള തുല്യാവകാശത്തെ വെല്ലുവിളിക്കുന്നതാണ് പൗരത്വബില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. മത, ജാതി, കാലങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വേര്‍ത്തിരിവ് സൃഷ്ടിച്ച് വിദ്വാഷവും വെറുപ്പും ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. രാജ്യം നേരിടുന്ന വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വര്‍ഗീയ ധ്രുവീകരണം നടത്തിക്കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വലിയൊരു വിഭാഗത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഭരണകൂടഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അമീര്‍ ആവശ്യപ്പെട്ടു

സമസ്ത കാന്തപുരം വിഭാഗം

മതത്തെ പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡമാക്കി മാറ്റുന്നതിലൂടെ രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് അരങ്ങൊരുങ്ങുകയാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അതിര്‍ത്തി പ്രദേശങ്ങളിലെ കുടിയേറ്റം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയും എന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും പതിറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിം സമുദായത്തെ നാടുകടത്തപ്പെടുകയായിരിക്കും പരിണിതി.

കുടിയേറ്റങ്ങളിലൂടെയാണ് മനുഷ്യ സമൂഹം രൂപം കൊണ്ടതും വളര്‍ച്ച പ്രാപിച്ചതും. ഈ വസ്തുത അംഗീകരിക്കുന്നതിനും മുഴുവന്‍ കുടിയേറ്റക്കാരെ മനുഷ്യരായി പരിഗണിക്കുന്നതിനും പകരം മതത്തിന്റെ പേരില്‍ കുടിയേറ്റക്കാരോട് വിവേചനം കാണിക്കുന്നത് രാജ്യത്തിന് അപമാനമാണ്. വിഭജനത്തെ എതിര്‍ത്ത ഗാന്ധിജിയുടെ 150ാം ജന്മദിനം വലിയ തോതില്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ നിലപാടുകളെ അവമതിക്കുന്ന സമീപനവും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വനിയമ ഭേദഗതി ബില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണെന്നും അപകടരമായ ഈ നീക്കത്തിനെതിരേ മതേതര മുന്നേറ്റം ശക്തിപ്പെടുത്തുകയാണ് ഏറ്റവും അനിവാര്യമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.

പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരില്‍ മുസ്ലിംകളൊഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കി മുസ്ലിംകളെ മാത്രം മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം എന്ന സുപ്രധാന മൂല്യത്തിനെതിരാണെന്ന് രാജ്യത്തെ മതേതര കക്ഷികള്‍ തുറന്ന് പ്രഖ്യാപിച്ചത് ആശാവഹമാണ്. ആ ദിശയിലാണ് പോരാട്ടം മുന്നോട്ടു പോകേണ്ടത്.ഈ വിഷയം കേവലം ഒരു മുസ്ലിം പ്രശ്‌നമായി മാത്രം ഒറ്റപ്പെടുന്ന സമീപനങ്ങള്‍ ആശാസ്യമല്ല.

ഭരണഘടനയുടെ 14ാം അനുച്ഛേദത്തെ തള്ളിക്കളയുകയും,മതേതര ജനാധിപത്യത്തെ തകര്‍ക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് വ്യക്തമായിരിക്കേ,രാജ്യ സ്‌നേഹികള്‍ ബാധ്യത നിര്‍വ്വഹിക്കാന്‍ രംഗത്തിറങ്ങേണ്ട സമയമാണിത്. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമനിര്‍മാണം നടത്തുക വഴി രാജ്യത്തെ ലോകത്തിനു മുമ്പില്‍ നാണം കെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.കുടിയേറ്റക്കാരെ മുഴുവന്‍ മനുഷ്യരായി പരിഗണിക്കാതിരിക്കുന്ന വിവേചനം വര്‍ഗീയ ചേരിതിരിവിലൂടെ ഭരണം നിലനിര്‍ത്താനുള്ള കപട നീക്കമായേ കാണാനാവൂ.

ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ

മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന പൗരത്വഭേതഗതി ബില്‍ പാസാക്കരുതെന്ന് ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം കെ.എം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി പറഞ്ഞു. ബില്‍ രാജ്യത്ത് വിഭാഗീയതയുടെ വന്‍മതില്‍ തീര്‍ക്കുമെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles