Current Date

Search
Close this search box.
Search
Close this search box.

‘വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്, ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളത്’; പ്രതികരിച്ച് ബില്‍ക്കീസ് ബാനു

അഹ്‌മദാബാദ്: ഗുജറാത്ത്-കലാപ സമയത്ത് കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളെയും വെറുതെവിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരിച്ച് കേസിലെ ഇരയായ അതിജീവിത ബില്‍ക്കീസ് ബാനു. ‘വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്, ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളതെന്നും ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം തിരികെ തരികണമെന്നുമാണ് ബില്‍ക്കീസ് ബാനു പറഞ്ഞത്.

2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. 19 വയസ്സായിരുന്ന അവര്‍ അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. അഹമ്മദാബാദിനടുത്ത് വെച്ച് നടന്ന കലാപത്തിനിടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ അവളുടെ കുടുംബത്തിലെ 14 പേരെ കലാപകാരികള്‍ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഒരു കലാപകാരി തന്റെ മൂന്ന് വയസ്സുള്ള മകളെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുകയും അവളുടെ തല ഒരു പാറയില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബാനുവിന്റെ കണ്‍മുന്നില്‍ വെച്ചാണ് ഈ ക്രൂരതകളെല്ലാം നടന്നത്.

ശിക്ഷാ ഇളവ് നയം അനുസരിച്ച് ശിക്ഷ കുറയ്ക്കാനുള്ള പ്രതികളുടെ അപേക്ഷ ഓഗസ്റ്റ് 15ന് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കുറ്റവാളികളെ തിങ്കളാഴ്ച ഗോധ്ര ജയിലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. തന്റെ അഭിഭാഷകയായ ശോഭ ഗുപ്ത മുഖേനയാണ് ബാനുവിന്റെ പ്രസ്താവന പുറത്തുവന്നത്.

ബില്‍ക്കീസ് ബാനുവിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:

രണ്ട് ദിവസം മുന്‍പ് ഓഗസ്റ്റ് 15ന് 20 വര്‍ഷം മുന്‍പുണ്ടായ ആഘാതം എന്നെ വീണ്ടും അലട്ടി. എന്റെ മൂന്ന് വയസ്സുള്ള മകളെയും എന്റെ കുടുംബത്തെയും എന്റെ ജീവിതവും തകര്‍ത്ത 11 കുറ്റവാളികളെയും വെറുതെവിട്ടു എന്ന് കേട്ടപ്പോഴായിരുന്നു അത്. എനിക്ക് വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്. ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളത്.

ഒരു സ്ത്രീയുടെ നീതി എങ്ങനെ ഇങ്ങനെ അവസാനിക്കും ? ഇന്ന്, എനിക്ക് ഇത് മാത്രമേ പറയാന്‍ കഴിയൂ. നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. നമ്മുടെ സിസ്റ്റത്തെ ഞാന്‍ വിശ്വസിച്ചു, എന്റെ ഈ ആഘാതത്തിലൂടെ ജീവിക്കാന്‍ ഞാന്‍ പതുക്കെ പഠിക്കുകയായിരുന്നു.

ഈ കുറ്റവാളികളുടെ മോചനം എന്നില്‍ നിന്ന് എന്റെ സമാധാനം കവര്‍ന്നെടുക്കുകയും നീതിയിലുള്ള എന്റെ വിശ്വാസത്തെ ഉലയ്ക്കുകയും ചെയ്തു. എന്റെ സങ്കടവും എന്റെ ചഞ്ചലമായ വിശ്വാസവും എനിക്ക് മാത്രമല്ല, കോടതികളില്‍ നീതിക്കുവേണ്ടി പോരാടുന്ന ഓരോ സ്ത്രീക്കും വേണ്ടിയുള്ളതാണ്. ഇത്രയും വലുതും അന്യായവുമായ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല.

ഞാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഈ തെറ്റ് തിരുത്തുക. ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം തിരികെ തരിക. ഞാനും എന്റെ കുടുംബവും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക.’

 

Related Articles