Current Date

Search
Close this search box.
Search
Close this search box.

ബംഗളൂരു സംഘര്‍ഷം: കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി

ബംഗളൂരു: ബംഗളൂരുവിലെ കിഴക്കന്‍ മേഖലയില്‍ ചൊവ്വാഴ്ച രാത്രി അരങ്ങേറിയ സംഘര്‍ഷത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കോണ്‍ഗ്രസ് എം.എല്‍.എ ആയ ആര്‍ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവായ നവീന്‍ ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ മതവിദ്വേഷ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് ആക്രമം പൊട്ടിപ്പുറപ്പെട്ടത്.

ആക്രമികളെ നേരിടാന്‍ പൊലിസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. 60തോളം പേര്‍ക്ക് വെടിവെപ്പില്‍ പരുക്കേറ്റിട്ടുണ്ട്. ബംഗളൂരു പൊലിസ് കമ്മീഷണറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ നേതാവ് മുസമ്മില്‍ പാഷയടക്കം 110 പേരെ അറസ്റ്റ് ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഡി.ജെ ഹള്ളി,കെ.ജി ഹള്ളി,കാവല്‍ബൈരസാന്ദ്ര എന്നിവിടങ്ങളില്‍ 144 പ്രകാരം കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നാല് പേരിലധികം കൂട്ടം കൂടുന്നതും യോഗം ചേരുന്നതും നിരോധിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് ബംഗളൂരു പൊലിസ് കമ്മിഷണര്‍ കമാല്‍ പാന്ദ് പറഞ്ഞു. പ്രദേശത്ത് സുരക്ഷക്കായി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്,സി.ആര്‍.പി.എഫ് സേനകളെ വിന്യസിച്ചിട്ടുണ്ട്.

നവീനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം രാത്രി ജനം തെരുവിലിറങ്ങിയത്. നവീന്റെ കാറിനും എം.എല്‍.എയുടെ വീടിന് നേരെയും പൊലിസ് ജീപ്പിന് നേരെയും ആക്രമണമുണ്ടായിരുന്നു. പൊലിസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. ജനം നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.

Related Articles