Current Date

Search
Close this search box.
Search
Close this search box.

ബാംഗ്ലൂര്‍ വൈറ്റ് ഫീല്‍ഡ് ഇസ്ലാമിക് സെന്റര്‍: ശിലാസ്ഥാപനം നടത്തി

ബാംഗ്ലൂര്‍:ബാംഗ്ലൂരിലെ ഐടി കോറിഡോറുകളില്‍ പ്രധാനപ്പെട്ട വൈറ്റ് ഫീല്‍ഡില്‍ നിര്‍മിക്കുന്ന വിപുലമായ ഇസ്ലാമിക് സെന്ററിന്റെ ശിലാസ്ഥാപനം നടത്തി. മസ്ജിദ്,കണ്‍വെന്‍ഷന്‍ സെന്റര്‍, ഹോസ്റ്റല്‍, വിദ്യാഭ്യാസ,തൊഴില്‍ സഹായ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പുതുതായി നിര്‍മ്മിക്കുന്ന ‘വൈറ്റ്ഫീല്‍ഡ് ഇസ്ലാമിക് സെന്റര്‍ (WIC) എന്ന പേരിലറിയപ്പെടുന്ന ഇസ്ലാമിക സാംസ്‌കാരിക കേന്ദ്രം.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. ‘അനാരോഗ്യകരമായ സംവാദങ്ങള്‍ നമ്മുടെ സമയം നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ക്രിയാത്മകമായ ഇടപെടലുകളും സമൂഹത്തിനു ആവശ്യമായ നിര്‍മ്മാണാത്മകമായ പദ്ധതികളുമാണ് സമൂഹത്തിനു ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ത്വയ്യബ് ട്രസ്റ്റ് ചെയര്‍മാന്‍നും ദയൂബന്ത് സ്ഥാപനങ്ങളുടെ കാര്യദര്‍ശിയുമായ മുഹമ്മദ് ആസിം ഖാസിമി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ‘ലോകത്തിനു ആവശ്യമുള്ള സാമ്പത്തികവും മാനുഷികവുമായ വിഭവങ്ങള്‍ ലോകത്തുണ്ട്. ഇന്ത്യ ആ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ മുന്നില്‍ നില്‍ക്കുന്നു. അവയുടെ യുക്തമായ വിനിയോഗമാണ് ഇന്ന് നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത്’. മുഹമ്മദ് ആസിം ഖാസിമി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറി എം.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കര്‍ണാടക സ്‌റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍ താഹ മത്തീന്‍, JIH ബാംഗ്ലൂര്‍ മെട്രോ പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ് സാദ് ബന്‍ഗാമി എന്നിവര്‍ സംസാരിച്ചു.

എം.എം.എ ജനറല്‍ സെക്രട്ടറി ടി.സി സിറാജ്, കെ.എം.സി.സി അഖിലേന്ത്യ പ്രസിഡന്റ് എം.കെ നൗഷാദ്, ജമാഅത്തെ ഇസ്‌ലാമി മേഖലാ പ്രസിഡന്റ് സുബൈര്‍ കെ.നിയാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.വി. അമന്റെ ഖുര്‍ആന്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ ഷാഹിര്‍ കെ സ്വാഗതവും യുപി സിദ്ധീഖ് നന്ദിയും പറഞ്ഞു. ഹിറ വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫസര്‍ കെ മൂസ അധ്യക്ഷത വഹിച്ചു.

Related Articles