Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധം വകവെക്കാതെ ബഹ്‌റൈനില്‍ മൂന്ന് ആക്റ്റിവിസ്റ്റുകളുടെ വധശിക്ഷ നടപ്പിലാക്കി

മനാമ: അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം വക വെക്കാതെ രണ്ട് ആക്റ്റിവിസ്റ്റുകളടക്കം മൂന്നു പേരുടെ വധശിക്ഷ നടപ്പിലാക്കി ബഹ്‌റൈന്‍. തീവ്രവാദ കുറ്റങ്ങള്‍ ചുമത്തിയാണ് രാജ്യത്ത് ജനാധിപത്യത്തിനായി പ്രക്ഷോഭം നയിച്ച മൂന്നു പേരെ ശനിയാഴ്ച വധിച്ചത്. അഹ്മദ് അല്‍ മലാലി (24),അലി ഹകീം അല്‍ അറബ് (25) എന്നിവരാണ് ആക്റ്റിവിസ്റ്റുകള്‍. ഇവര്‍ ശിയ പ്രവര്‍ത്തകരാണ്.

രാജ്യത്ത് ജനാധിപത്യവാദമുയര്‍ത്തി പോരാട്ടം നയിച്ചതിന് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരടക്കം 60 പേര്‍ക്കെതിരെയാണ് ഭീകരവാദ കുറ്റം ചുമത്തി ജയിലിലടച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് മൂന്നു പേര്‍ക്കെതിരെ വധ ശിക്ഷ നടപ്പിലാക്കുമെന്ന് കോടതി വിധിച്ചത്. 2017ല്‍ നടന്ന പ്രക്ഷോഭത്തിനിടെ പൊലിസ് ഓഫിസറെ വെടിവെച്ചുവെന്നും കലാപത്തിനായി ഇറാനുമായി ബന്ധമുള്ള സംഘവുമായി പ്രക്ഷോഭം ആസൂത്രണം ചെയ്‌തെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

വധ ശിക്ഷക്ക് വിധേയമാക്കിയ മൂന്നാമത്തെ ആളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. ഇമാമിനെ കൊലപ്പെടുത്തിയതില്‍ പങ്കാളിയാണിയാള്‍ എന്നാണ് പ്രസ്താവനയിലുള്ളത്. ശനിയാഴ്ച ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് പ്രസ്താവന പുറത്തുവിട്ടത്. ഇവരെ ന്യായമായ വിചാരണ നടത്തിയിട്ടില്ലെന്നും പ്രതികള്‍ക്ക് അവരുടെ ഭാഗം അവതരിപ്പിക്കാന്‍ അവസരം നല്‍കിയിട്ടില്ലെന്നും ജയിലിലെ പീഡനത്തിലൂടെ ഇവര്‍ കുറ്റസമ്മതം നടത്തിയതാണെന്നും വിമര്‍ശനമുണ്ട്. വധ ശിക്ഷ നടപ്പാക്കരുടെന്ന് യു.എന്നും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ അസാന്നിധ്യത്തിലാണ് കോടതി വധശിക്ഷ വിധിച്ചത്. 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി പ്രക്ഷോഭം നടന്ന ഏക ഗള്‍ഫ് രാഷ്ട്രമായിരുന്നു ബഹ്‌റൈന്‍.

Related Articles