Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈന്‍ നൂറുകണക്കിന് കുട്ടികളെ ജയിലിലടച്ചതായി റിപ്പോര്‍ട്ട്

മനാമ: ബഹ്‌റൈന്‍ ഭരണകൂടം നൂറുകണക്കിന് കുട്ടികളെ ഇതിനോടകം ജയിലിലടച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ 607 കുട്ടികളെ ബഹ്‌റൈന്‍ അധികൃതര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ടെന്നാണ് അല്‍ജസീറയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് അല്‍ജസീറ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചോര്‍ന്ന ജുഡീഷ്യല്‍ റിപ്പോര്‍ട്ടുകളും ഭീഷണിപ്പെടുത്തുന്നതായുള്ള കുട്ടികളുടെ സാക്ഷ്യങ്ങളും വിവരണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്. ചില സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ മാനസികമായും ശാരീരികമായും പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. ചോദ്യം ചെയ്യല്‍ സെഷനുകള്‍ കുട്ടികളുടെ രക്ഷിതാക്കളോ അവരുടെ അഭിഭാഷകരോ ഇല്ലാതെയാണ് പലപ്പോഴും നടത്തിയിരുന്നത്-ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള രേഖകള്‍ പ്രകാരം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോസിക്യൂഷന്‍ ഓഫീസിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനാണ് അല്‍ജസീറയോട് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. നിലവില്‍ 150ലധികം കുട്ടികള്‍ ഇപ്പോള്‍ ബഹ്‌റൈന്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും അല്‍ജസീറ പറഞ്ഞു.

2011നും 2021നും ഇടയില്‍ കുറഞ്ഞത് 193 കുട്ടികള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചിലര്‍ക്ക് ജീവപര്യന്തം തടവാണ്. അതേസമയം, അല്‍ജസീറ അന്വേഷണത്തിന് മറുപടിയായി, ബഹ്‌റൈനില്‍ തടവിലാക്കപ്പെട്ട കുട്ടികള്‍ ഇല്ലെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

Related Articles