Current Date

Search
Close this search box.
Search
Close this search box.

റിവ്യൂ പെറ്റീഷന്‍ ദയാഹരജിയല്ല, കോടതിക്ക് പുന:പരിശോധിക്കുവാനുള്ള അവസരം: ടി ആരിഫലി

താനൂര്‍: ബാബരി മസ്ജിദ് കേസില്‍ റിവ്യൂ പെറ്റീഷന്‍ ദയാഹരജിയല്ലെന്നും കോടതിക്ക് പുന:പരിശോധിക്കുവാനുള്ള അവസരമാണെന്നും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫലി. എസ് ഐ ഒ മലപ്പുറം ജില്ലകമ്മിറ്റിയുടെ തീരദേശ വിദ്യാഭ്യാസ പദ്ധതി ‘എജ്യൂവില്ല’ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി വിധി സുപ്രിംകോടതിയുടെ തന്നെ കണ്ടെത്തലിന് എതിരാണെന്നും വിധിയോടുള്ള മുസ്ലിം സമുദായത്തിന്റെ സമാധാനപൂര്‍ണമായ സമീപനത്തില്‍ നിന്ന് ഇതര സമൂഹം പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചേക്കര്‍ ഭൂമി വാങ്ങേണ്ടതില്ലെന്ന ആള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡിന്റെ തീരുമാനം ബാബരി വിധിയെ 20 കോടി മുസ്ലിം സമൂഹം എങ്ങനെ കാണുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസപരവും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്ന താനൂര്‍ തീരദേശ മേഖലയുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി രൂപം നല്‍കിയ എജ്യൂവില്ല വിദ്യാഭ്യാസ പദ്ധതി താനൂര്‍ കോര്‍മാന്‍ കടപ്പുറത്ത് വെച്ച് ടി.ആരിഫലി നാടിന് സമര്‍പ്പിച്ചു. എസ്.ഐ.ഒ അഖിലേന്ത്യാ കാമ്പസ് സെക്രട്ടറി ശബീര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ബാസിത്ത് താനൂര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സാബിക് വെട്ടം നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട്, മുഹ്‌സിന ജഹാന്‍, അഷ്‌റഫ് വൈലത്തൂര്‍, അലി അക്ബര്‍, ജാഫര്‍ കെ താനൂര്‍, മുഹമ്മദ് ഹംസ, സലാം ഓലപ്പീടിക, തസ്‌കിന്‍, സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles