Current Date

Search
Close this search box.
Search
Close this search box.

ബാബരി വിധി: നിരാശാജനകം,ആശങ്കയുണ്ടെന്ന് മുസ്‌ലിം ലീഗ്

മലപ്പുറം: ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ്. വിധിയില്‍ ആശങ്കയുണ്ടെന്നും കോടതി വിധിയുടെ സാഹചര്യവും തുടര്‍ നിയമ നടപടികളും പരിശോധിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമെടുത്തു.

ഇന്ന് പാണക്കാട് ചേര്‍ന്ന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടി വിധിയെ ബഹുമാനിക്കുന്നു. വിധിയില്‍ നിരവധി വൈരുദ്ധ്യങ്ങളുണ്ട്. നിയമവിദഗ്ധരുമായി ആലോചിച്ച് വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രിംകോടതി നിര്‍ദേശിച്ച സ്ഥലം സ്വീകരിക്കണോയെന്നതിലടക്കം ഓള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അടക്കമുള്ള കക്ഷികളുമായി പാര്‍ട്ടി ബന്ധപ്പെട്ടുവരുന്നതായും കേസിലെ കക്ഷികളുടെയും മറ്റു സംഘടനകളുടെയും അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷം ഭാവി നടപടികളിലേക്കു കടക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

പരമോന്നത നീതിപീഠത്തിന്റെ വിധിയെന്ന നിലയില്‍ അതിനെ ബഹുമാനിക്കുന്നുവെന്നും പാര്‍ട്ടി ദേശീയ സമിതി വ്യക്തമാക്കി. യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍,ഇ.ടി മുഹമ്മദ് ബഷീര്‍,സാദിഖ് അലി ശിഹാബ് തങ്ങള്‍,അബ്ദുസ്സമജ് സമദാനി,പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

Related Articles