Current Date

Search
Close this search box.
Search
Close this search box.

അയോധ്യ വിധി: മുസ്‌ലിം സംഘടനകളുടെ പ്രതികരണങ്ങള്‍

കോഴിക്കോട്: അയോധ്യ വിധിയില്‍ വിവിധ മുസ്ലിം മത-രാഷ്ട്രീയ സംഘടനകളുടെ ഔദ്യോഗിക പ്രതികരണങ്ങള്‍ വായിക്കാം.

മുസ്ലിം ലീഗ്

കോടതി വിധി മാനിക്കുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.വിധിയെതുടര്‍ന്നുള്ള പ്രതികരണങ്ങളില്‍ ആത്മസംയമനം പാലിക്കണമെന്നും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമസ്ത ഇ.കെ വിഭാഗം

സുപ്രീം കോടതി വിധി ദു:ഖകരവും നിരാശാജനകവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. എന്നാല്‍ സമാധാനവും സൗഹാര്‍ദവും തകരാതിരിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമി

ബാബരി വിധി വേദനാജനകവും ദുഃഖകരവുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. നിയമപരമായും ജനാധിപത്യപരമായും കഴിയുന്നത് സുന്നി വഖഫ് ബോര്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വിധിയെ മാനിക്കണം, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത കാന്തപുരം വിഭാഗം

സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഏതെങ്കിലും കക്ഷി വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല, ഇന്ത്യയുടെ അഖണ്ഡതയാണ് പ്രധാനം. കോടതിവിധിയുടെ പശ്ചാതലത്തില്‍ അവിവേകമായ വാക്കോ ഇടപെടലോ ആരില്‍ നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി

നീതിയും വസ്തുതകളും ബലികഴിച്ച കോടതി വിധിയാണ് ബാബരി മസ്ജിദ് കേസിലുണ്ടായതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കോടതി വിശ്വാസങ്ങളെയല്ല, വസ്തുതകളെയും രേഖകളെയുമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. വസ്തുതകളായി കോടതി കണ്ടെത്തിയ കാര്യങ്ങളെ തന്നെ നിരാകരിച്ച് കൊണ്ടാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. നീതിന്യായ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ ദിനമാണിന്ന്. നീതിപീഠത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചവരില്‍ നിരാശ നല്‍കിയ വിധി. സംഘ്പരിവാര്‍ ഉന്നയിക്കുന്ന അയുക്തിപരമായ അവകാശവാദങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതാണ് ഈ വിധി.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

ബാബരി മസ്ജിദ് വിഷയത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്ന് വന്നിട്ടുള്ള വിധി പ്രശ്‌ന പരിഹാരത്തിനുള്ള ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയായിട്ടാണ് ബോധ്യപ്പെടുന്നതെന്നും അത് മറ്റു കേസുകളില്‍ മാനദണ്ഡമാക്കരുതെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദു ലത്തീഫ് മദനി പ്രസ്താവനയില്‍ അറിയിച്ചു.

സുപ്രീം കോടതിയില്‍ നിന്നും ആശാവഹമായ വിധിയായിരുന്നു മതേതര സമൂഹം പ്രതീക്ഷിച്ചിരുന്നത്. മിത്തുകള്‍ക്കതീതമായി വസ്തുതകളും തെളിവുകളും പരിഗണിച്ചു കൊണ്ട് വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതിയാണ് വിവിധ മത വിഭാഗങ്ങള്‍ ഒന്നിച്ചു ജീവിക്കുന്ന നമ്മുടെ രാജ്യത്ത് പാലിക്കപ്പെടേണ്ടതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സോളിഡാരിറ്റി

ബാബരി മസ്ജിദ് വിധി നിയമപരമായ നീതിയുടെ പ്രഖ്യാപനമല്ലെന്നും പ്രശ്‌നപരിഹാരത്തിനായി കോടതി എത്തിച്ചേര്‍ന്ന അതിശയകരമായ ഫോര്‍മുല മാത്രമാണെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്. ബാബരി മസ്ജിദ് തകര്‍ത്തതും തകര്‍ച്ചയിലേക്ക് നയിച്ച സംഭവങ്ങളും തെറ്റാണെന്ന് നിരീക്ഷിക്കുകയും തുടര്‍ന്ന് സ്വാഭാവിക നീതിക്ക് നിരക്കാത്ത തീര്‍പ്പിലെത്തുകയുമാണ് കോടതി ചെയ്തത്. ഇത് സംഘ്പരിവാറിന്റെ അക്രമത്തിനും അനീതിക്കുമുള്ള അംഗീകാരമായാണ് അനുഭവപ്പെടുന്നത്. മുസ്ലിങ്ങളുടെ സ്വത്വത്തിനും സമ്പത്തിനുമെതിരായി സംഘ്പരിവാറും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന കയ്യേറ്റങ്ങള്‍ക്ക് ഗതിവേഗം പകരുകയാണ് ഇത്തരം നടപടികള്‍ ചെയ്യുക. കുറ്റകൃത്യമാണെന്ന് ഇപ്പോള്‍ സുപ്രിംകോടതി അംഗീകരിക്കുകയും ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തുകയും ചെയ്ത കുറ്റക്കാര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാനാണ് കോടതി ശ്രമിക്കേണ്ടത

പോപുലര്‍ ഫ്രണ്ട്

ബാബരി കേസില്‍ വസ്തുതകളോ തെളിവുകളോ പരിഗണിക്കാതെ നടത്തിയ വിധിപ്രസ്താവം പക്ഷപാതപരവും അന്യായവുമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. വിയോജിപ്പുകള്‍ക്ക് ഭയം വിതച്ചു വിലക്കേര്‍പ്പെടുത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ സമൂഹം കൂടുതല്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

എസ്.ഡി.പി.ഐ

സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ മാത്രം സഹായിക്കുന്ന തരത്തില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ബാബരി ഭൂമി ദില്ലിയിലെ ഹിന്ദുത്വ ഭരണകൂടത്തിന് നല്‍കിയ സുപ്രീം കോടതി വിധി ഞെട്ടലുളവാക്കിയെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 പ്രകാരം അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ സുപ്രീംകോടതിയിലെ ബഹുമാന്യരായ ജഡ്ജിമാര്‍ ഇരു കക്ഷികള്‍ക്കും പൂര്‍ണ്ണമായ നീതി ലഭ്യമാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles