Current Date

Search
Close this search box.
Search
Close this search box.

സ്‌കൂളുകളില്‍ ശിരോവസ്ത്ര നിരോധനം: ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചു

വിയന്ന: ഓസ്ട്രിയയില്‍ പ്രൈമറി സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിക്കാനുള്ള നിയമത്തിന് പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരം. ബുധനാഴ്ചയാണ് രാജ്യത്തെ തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശം മുന്നോട്ടു വെച്ചത്. മുസ്‌ലിംകള്‍ക്കെതിരെ വിവേചനം കാണിക്കുന്ന നിയമമാണ് ഇതെന്ന് ആക്ഷേപമുണ്ട്. ‘പ്രത്യയശാസ്ത്രപരമായും മതപരമായുമുള്ള സ്വാധീനത്തില്‍ തല മറയുന്ന തരത്തിലുള്ള വസ്ത്ര ധാരണം അനുവദിക്കില്ല’ എന്നാണ് നിരോധനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ പറയുന്നത്.

ഭരണകക്ഷിയിലെ പ്രധാന വിഭാഗങ്ങളായ പീപീള്‍സ് പാര്‍ട്ടി,ഫ്രീഡം പാര്‍ട്ടി പ്രതിനിധികളും ഈ നിയമം മുസ്‌ലിംകളുടെ ഹിജാബിനെയാണ് ലക്ഷ്യമിടുന്നതെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമം രാഷ്ട്രീയ ഇസ്ലാമിനെതിരെയുള്ള ഒരു സൂചനയാണെന്നും പെണ്‍കുട്ടികളെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും ഫ്രീഡം പാര്‍ട്ടി വക്താവ് വെന്‍ഡലിന്‍ മോള്‍സര്‍ പറഞ്ഞു.

അതേസമയം, സിഖ് ആണ്‍കുട്ടികള്‍ തലയില്‍ ധരിക്കുന്ന പട്കയും ജൂതര്‍ ധരിക്കുന്ന കിപയും ഈ നിയമത്തില്‍ വരില്ലെന്നും നിരോധനം ബാധകമല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നിയമം ലജ്ജാകരവും സര്‍ക്കാരിന്റെ വിഭജന തന്ത്രമാണ് വ്യക്തമാക്കുന്നതെന്നും ഓസ്ട്രിയയിലെ ഔദ്യോഗിക മുസ്‌ലിം സംഘടനയായ IGGO അപലപിച്ചു.

Related Articles