Current Date

Search
Close this search box.
Search
Close this search box.

അത്താതുര്‍ക്ക് സര്‍വകലാശാലയുമായി സഹകരിക്കാന്‍ ശാന്തപുരം അല്‍ജാമിഅ ധാരണയായി

പെരിന്തല്‍മണ്ണ: തുര്‍ക്കിയിലെ പ്രശസ്തമായ അത്താതുര്‍ക്ക് യൂനിവേഴ്‌സിറ്റിയും ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയും തമ്മില്‍ വിദ്യാഭ്യാസ ഗവേഷണ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. എര്‍സുറുമിലെ അത്താതുര്‍ക്ക് യൂനിവേഴ്‌സിറ്റി ആസ്ഥാനത്ത് അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദും അത്താതുര്‍ക്ക് യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. ഉമര്‍ ചമക്‌ലിയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഹകരണത്തിന് ധാരണയായത്. തുടര്‍ന്ന നടന്ന പ്രൗഢമായ ചടങ്ങില്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. തസ്‌കിന്‍ ഒസ്താസ്, ഫാക്കല്‍റ്റി ഓഫ് തിയോളജി ഡീന്‍ ഡോ. സിനാന്‍ ഒഗെ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇരുവരും എം.ഒ.യു വില്‍ ഒപ്പുവെച്ചു.
1957ല്‍ സ്ഥാപിതമായ അത്താതുര്‍ക് യൂനിവേഴ്‌സിറ്റി തുര്‍ക്കിയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളിലൊന്നാണ്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 70,000 ലധികം വിദ്യാര്‍ഥികളുണ്ട്. 1955ല്‍ സ്ഥാപിതമായ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ഇന്ത്യയിലെ മുന്‍നിര ഇസ്‌ലാമിക സര്‍വകലാശാലകളിലൊന്നാണ്.

ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്, സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച്, സ്‌കോളര്‍ഷിപ്പ്, റിസര്‍ച്ച് സപ്പോര്‍ട്ട് തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും സഹകരിച്ച് പ്രവര്‍ത്തിക്കുക. ഒരു ഇന്ത്യന്‍ യൂനിവേഴ്‌സിറ്റിമായുള്ള സഹകരണം തങ്ങളുടെ മുമ്പില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കുമെന്നും ഇരു രാജ്യങ്ങളും ഫലപ്രദമായ വിധത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അത്താതുര്‍ക്ക് യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. ഉമര്‍ ചമക്‌ലി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് നവീനമായ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട തുര്‍ക്കിയുടെ അനുഭവങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് അല്‍ ജാമിഅ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പ്രസ്താവിച്ചു.

മലേഷ്യ, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ 10 ലധികം പ്രധാന യൂനിവേഴ്‌സിറ്റികളുമായി ഇതിനകം അല്‍ ജാമിഅ എം.ഒ.യു ഒപ്പുവെച്ചിട്ടുണ്ട്.

 

Related Articles