Current Date

Search
Close this search box.
Search
Close this search box.

അസം പൗരത്വ പട്ടിക: ഒരു ലക്ഷത്തിലധികം പേരെ വീണ്ടും ഒഴിവാക്കി

ദിസ്പൂര്‍: ബുധനാഴ്ച പുറത്തുവിട്ട അസം പൗരത്വ പട്ടികയില്‍ നിന്നും 1,02,462 പേരെ അധികൃതര്‍ ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് പുറത്തിറക്കിയ ദേശീയ പൗരത്വ പട്ടിക(NRC)യില്‍ ഉള്‍പ്പെട്ടിരുന്ന ആളുകളാണ് പുതുക്കിയ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. ഇവരെ പിന്നീട് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ യോഗ്യതയില്ലാത്തവരായി കണ്ടെത്തുകയായിരുന്നു.

2003ലെ പൗരത്വ വ്യവസ്ഥകളുടെ അഞ്ചാം വകുപ്പനുസരിച്ച് (പൗരന്മാരുടെ രജിസ്‌ട്രേഷനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കലും)രജിസ്റ്റര്‍ ചെയ്ത പട്ടികയനുസരിച്ചാണ് പുതിയ പട്ടിക തയാറാക്കിയതെന്നാണ് ദേശീയ പൗരത്വ പട്ടികയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ അറിയച്ചത്.

തുടര്‍ന്ന് 2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 3.29 കോടി അപേക്ഷകരില്‍ 2.9 കോടി ആളുകളെ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. 40 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്തായി. സുപ്രീം കോടതിയുടെ കീഴിലാണ് ആസാം ദേശീയ പൗരത്വ പട്ടിക പുതുക്കല്‍ പ്രക്രിയ നടക്കുന്നത്. ഇതിന്റെ അന്തിമ പട്ടിക ജൂലൈ 31നാണ് പ്രസിദ്ധീകരിക്കുന്നത്. പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവരെ കത്ത് മുഖേനയും നേരിട്ടും അധികൃതര്‍ അറിയിക്കുന്നുണ്ട്.

പുറത്താക്കപ്പെട്ടവര്‍ക്ക് ജൂലൈ 11നകം അവരുടെ അപ്പീല്‍ എന്‍.ആര്‍.സി സേവാ കേന്ദ്രങ്ങളില്‍ നല്‍കാന്‍ മാത്രമേ ഇനി അവസരമുള്ളൂ. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കുടിയേറിയവരെ കണ്ടെത്തി പുറത്താക്കാന്‍ വേണ്ടിയാണ് ഈ പട്ടിക തയാറാക്കുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ പട്ടികയില്‍ നിന്നും പുറന്തള്ളപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. മറ്റു സമുദായങ്ങളില്‍ നിന്നുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും മുസ്‌ലിംകളെ മനപൂര്‍വം ഒഴിവാക്കിയെന്ന ആരോപണവുമാണ് തുടക്കം മുതലേ ഉയര്‍ന്നു വന്നത്.

Related Articles