India TodayNews

ആസിഫ് തന്‍ഹയുടെ അറസ്റ്റ് അന്യായം; എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക: എസ്.ഐ.ഒ

ന്യൂഡല്‍ഹി: സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലെ വിദ്യാര്‍ത്ഥി നേതാവും എസ്.ഐ.ഒ അംഗവുമായ ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥിയായ ആസിഫ് ഇക്ബാല്‍ തന്‍ഹയെ ദല്‍ഹി പോലീസ് ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തിരിക്കുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ക്കും സിഎഎ വിരുദ്ധ സമരക്കാര്‍ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട വേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആസിഫ്. എല്ലാ അറസ്റ്റുകളെയും പോലെ തന്നെ, ഈ അറസ്റ്റിന് ന്യായം ചമക്കാനാവശ്യമായ വ്യക്തമായ ഒരു തെളിവും പോലീസിന് ഇതുവരെയും സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തുടങ്ങിയത് മുതല്‍, കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഡല്‍ഹി പോലീസ് ആസിഫിനെ നിരവധി തവണ ഉപദ്രവിക്കുകയും തുടര്‍ച്ചയായ ചോദ്യംചെയ്യലുകള്‍ക്ക് വേണ്ടി വിളിപ്പിക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുകളൊന്നും കണ്ടെത്തിയില്ലെങ്കിലും, ലോക്ക് ഡൗണ്‍ കാലയളവിലുള്‍പ്പെടെ നിരവധി തവണ പല കാരണങ്ങള്‍ പറഞ്ഞു കൊണ്ട് പോലീസ് അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോഴത്തെ അറസ്റ്റും സംഭവിച്ചിരിക്കുന്നത്.

ആവര്‍ത്തിച്ചുള്ള ഉപദ്രവങ്ങളും , ചോദ്യം ചെയ്യലുകളും, അറസ്റ്റുമെല്ലാം ആസിഫ് ചെയ്തതായി കരുതപ്പെടുന്ന ഒരു കുറ്റകൃത്യത്തിനും വേണ്ടിയല്ലെന്ന് നമുക്കറിയാം. തന്റെ ഭരണഘടനാപരമായ അവകാശം സര്‍ക്കാരിന്റെ വംശീയ നയങ്ങളെ ചോദ്യം ചെയ്യാനും, ഇന്ത്യയിലെ ഒരു സ്വതന്ത്ര പൗരനെന്ന അദ്ദേഹത്തിന്റെ അവകാശം വിനിയോഗിക്കാനും ശ്രമിച്ചു എന്നത് മാത്രമാണ് ആസിഫ് ചെയ്ത ഒരേയൊരു ‘കുറ്റം’. ഇതേ കുറ്റത്തിന് തന്നെയാണ് മീരന്‍ ഹൈദര്‍, സഫൂറ സര്‍ഗാര്‍ തുടങ്ങി നിരവധി പേര്‍ ആസിഫിന് മുമ്പേ അറസ്റ്റിലായതും.

ദുര്‍ബലമായ ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥയില്‍,നമ്മുടെ കൂട്ടായ പരിശ്രമങ്ങളെല്ലാം കോവിഡ് -19 നെതിരെ പോരാടുന്നതിനും നമ്മുടെ ഏറ്റവും ദരിദ്രരും ദുര്‍ബലരുമായ സഹ പൗരന്മാര്‍ക്ക് കടുത്ത ലോക്ക് ഡൗണ്‍ മൂലമുണ്ടായ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന്നും വേണ്ടി ചിലവഴിക്കേണ്ട ഈ വേളയില്‍, ജനാധിപത്യ ശബ്ദത്തെയും നേതൃത്വത്തെയും നിശബ്ദമാക്കുന്നതിനുള്ള അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് ദല്‍ഹി പോലീസ്. കേന്ദ്രസര്‍ക്കാരിനെയും അവരുടെ വര്‍ഗീയ അജണ്ടകളെയും ചോദ്യം ചെയ്യുന്ന എല്ലാവരുടെയും ഹൃദയത്തില്‍ ഭയം നിറക്കുകയും, ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം രാജ്യത്തുടനീളം ആളിപ്പടര്‍ന്ന തുല്യ പൗരത്വത്തിനായുള്ള പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ തുടരില്ലെന്ന് ഉറപ്പാക്കുകയുമാണ് ഈ അറസ്റ്റുകളുടെ ഏക ലക്ഷ്യം.

ആസിഫ് തന്‍ഹയുടെയും, അതുപോലെ, തങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങള്‍ വിനിയോഗിച്ചതിനാല്‍ ഉപദ്രവിക്കപ്പെടുന്നവരും വേട്ടയാടപ്പെടുന്നവരും അറസ്റ്റു ചെയ്യപ്പെടുന്നവരുമായ എല്ലാവരുടെയും കൂടെയും ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു. ആസിഫിനെയും മറ്റെല്ലാ വിദ്യാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും ഉടന്‍ മോചിപ്പിക്കണം. കാരണം അവരുടെ അറസ്റ്റ് തന്നെ ഒരു തെറ്റാണ്, മാത്രമല്ല അവരുടെ തുടര്‍ച്ചയായ തടവ് ഭരണഘടനാ ലക്ഷ്യങ്ങളുടെ മേല്‍ ബാധിച്ച നിഴലുമാകുന്നു. നിലവിലെ പ്രതിസന്ധി ഭരണഘടനയ്ക്കും ഈ രാജ്യത്തെ ഒരുമിച്ചു നിര്‍ത്തുന്ന അവകാശ വ്യവസ്ഥകള്‍ക്കുമായുള്ള ഒരു ലിറ്റ്മസ് പരീക്ഷണം കൂടിയാണ്. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Facebook Comments
Related Articles
Close
Close