Current Date

Search
Close this search box.
Search
Close this search box.

ചരിത്ര നേട്ടത്തിന്റെ ആഘോഷത്തിമിര്‍പ്പില്‍ ഖത്തര്‍

ദോഹ: വെറും ഒരു കിരീടം സ്വന്തമാക്കി ഏഷ്യന്‍ വന്‍കരയുടെ രാജാക്കന്മാരായിതീരുക മാത്രമായിരുന്നില്ല കഴിഞ്ഞ ദിവസം ഖത്തര്‍ ചെയ്തത്. ഏറെ പ്രതിസന്ധികള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമിടയില്‍ നിന്നുമാണ് ആ കിരീടം ഖത്തര്‍ എടുത്തുയര്‍ത്തിയത്.

ഖത്തര്‍ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി എ.എഫ്.സി ഏഷ്യന്‍ കപ്പ് കിരീടമണിഞ്ഞതോടെ സന്തോഷത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിലാണ് ഖത്തര്‍ എന്ന കുഞ്ഞു രാജ്യം. ഖത്തര്‍ ഫൈനല്‍ മത്സരത്തിന് പ്രവേശനം നേടിയതോടെ തന്നെ രാജ്യത്ത് ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. തങ്ങള്‍ക്കുമേല്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഉപരോധമേര്‍പ്പെടുത്തിയ യു.എ.ഇയെയും സൗദിയെയും തകര്‍ത്തെറിഞ്ഞ് ഫൈനലിലെത്തിയ ഖത്തര്‍ കിരീടം കൊണ്ടേ മടങ്ങൂ എന്ന വാശിയിലായിരുന്നു. അത് അന്വര്‍ത്ഥമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം അബൂദാബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ കാണാനായത്. യു.എ.ഇയെ നാലു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ഫൈനലിലെത്തി അവരുടെ മണ്ണില്‍ നിന്നു തന്നെ കിരീടമുയര്‍ത്തി അഭിമാനത്തോടെ മധുരപ്രതികാരം വീട്ടുക കൂടിയാണ് ഖത്തര്‍ ചെയ്തത്.

അബൂദാബിയിലെ ഗ്യാലറിയില്‍ ഖത്തറിനെ പിന്തുണക്കുന്നവര്‍ വളരെ ന്യൂനപക്ഷമായിരുന്നു. ഗ്രൗണ്ട് സപ്പോര്‍ട്ട് പോലുമില്ലാതെ വെല്ലുവിളികള്‍ക്കിടയില്‍ നിന്നാണ് ഖത്തര്‍ വിജയതീരമണിഞ്ഞത് എന്നതും ശ്രദ്ധേയമാണ്.

മത്സരം കഴിഞ്ഞതിനു പിന്നാലെ ഖത്തറിലെങ്ങും ആഘോഷ പരിപാടികള്‍ക്കും തുടക്കമായി. കഴിഞ്ഞ ദിവസം രാത്രി തന്നെ ഹര്‍ഷാരവത്തിലാണ് ഖത്തറിലെ സ്വദേശികളും വിദേശികളും. ഫൈനല്‍ മത്സരം കാണാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിഗ് സ്‌ക്രീനുകള്‍ ഒരുക്കിയിരുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലും മറ്റു പ്രധാന നഗരങ്ങളിലും വിദേശികളടക്കം ആനന്ദനൃത്തമാടി. ബാന്റ് മേളവും പാട്ടും മേളവും മധുരം വിതരണം ചെയ്തും എങ്ങും ആഘോഷരാവായിരുന്നു.

ഏഷ്യയിലെ ഫുട്‌ബോള്‍ കുലപതികളും കഴിഞ്ഞ നാല് തവണയും ഏഷ്യന്‍ കിരീടം സ്വന്തമാക്കുകയും ചെയ്ത ജപ്പാനെ തന്നെ തറപറ്റിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്‌പെയിനുകാരനായ ഫെലിക്‌സ് സാഞ്ചസിന്റെ കീഴിലുള്ള ഖത്തര്‍ ടീം. ഇതോടെ ഖത്തറിന്റെ ഗോളടി യന്ത്രമെന്ന വിശേഷണമുള്ള അല്‍ മുഅസ് അലിയും ഗോള്‍ കീപ്പര്‍ സഅദ് അല്‍ ശീബും അക്രം അഫീഫുമെല്ലാം ലോക ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലെ പുതിയ താരോദയങ്ങളാവുകയും ചെയ്തു. 2022ല്‍ ഖത്തര്‍ ആതിഥ്യമരുളുന്ന ഫിഫ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനൊരുങ്ങുകയാണ് സാഞ്ചസിന്റെ ശിഷ്യന്മാര്‍. അതിനായി കാത്തിരിക്കുകയാണ് ഖത്തറും കൂടെ ഫുട്‌ബോള്‍ ലോകവും.

Related Articles