Current Date

Search
Close this search box.
Search
Close this search box.

മസ്ഊദ് അസ്ഹര്‍ ചെകുത്താന്റെ ശിഷ്യനാണ്, മൗലാനയല്ല: അസദുദ്ദീന്‍ ഉവൈസി

മുംബൈ: ഭീകര സംഘടനയായ ജയ്‌ശെ മുഹമ്മദിന്റെ നേതാവ് മസ്ഊദ് അസ്ഹറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. മസ്ഊദ് അസ്ഹര്‍ മൗലാനയല്ല ചെകുത്താനാണ് എന്നാണ് അദ്ദേഹം തുറന്നടിച്ചത്. മുംബൈയില്‍ ഭാരിപ് ബഹുജന്‍ മഹാസംഘ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുല്‍വാമ ഭീകരാക്രമണം നടപ്പിലാക്കിയത് പാകിസ്താന്‍ സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ്. നമ്മുടെ 40 സൈനികരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദിനല്ല ജെയ്‌ഷെ ശെയ്താന് ആണ്. മസ്ഊദ് അസ്ഹര്‍ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ മോദി സര്‍ക്കാര്‍ നയതന്ത്രപരമായും രാഷ്ട്രീയപരമായും വന്‍ പരാജയമാണ് തെളിയിക്കുന്നത്. ഫോട്ടോഗ്രാഫര്‍മാര്‍ക്കിടയില്‍ നിന്നും സമയം കിട്ടുമ്പോള്‍ വീണ്ടുവിചാരണ നടത്തണമെന്നാണ് എനിക്ക് മോദിയോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 200 കിലോഗ്രാം ആര്‍.ഡി.എക്‌സ് എങ്ങിനെയാണ് ഡല്‍ഹിയില്‍ എത്തിയത്. അധികൃതരും ഇന്റലിജന്‍സ് ബ്യൂറോയും ബിരിയാണി തിന്ന് മയക്കത്തിലായിരുന്നോ ഉവൈസി തുറന്നടിച്ചു. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നിഷ്‌കളങ്കതയുടെ മുഖം മൂടി അഴിച്ചു മാറ്റണം.

ഇത് ഇന്ത്യക്കു നേരെയുള്ള ആദ്യത്തെ ഭീകരാക്രമണമല്ല, നേരത്തെ പത്താന്‍കോട്ടിലും ഉറിയിലും ഇത് സംഭവിച്ചിട്ടുണ്ട്- ഉവൈസി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ ദലിത് നേതാവായ പ്രകാശ് അംബേദ്കറിന്റെ ഭാരിപ് ബഹുജന്‍ മഹാസംഘ് പാര്‍ട്ടിയുമായി ഉവൈസിയുടെ പാര്‍ട്ടി സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്.

Related Articles