Current Date

Search
Close this search box.
Search
Close this search box.

അറക്കല്‍ രാജ കുടുംബം: സുല്‍ത്താന്‍ ആദിരാജ മറിയുമ്മ സ്ഥാനമേറ്റെടുത്തു

കണ്ണൂര്‍ സിറ്റി: അറക്കല്‍ രാജ കുടുംബത്തിന്റെ 40ാമത് അധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റെടുത്തു. ബുധനാഴ്ച്ച വൈകിട്ട് നടന്ന ലളിതമായ ചടങ്ങില്‍ ദൈവനാമത്തിലാണ് ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. അറക്കല്‍ രാജ കുടുംബത്തിന്റെ 39മത് സ്ഥാനി ആദിരാജ ഫാത്തിമ മുത്ത് ബീവിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഇത്.

കണ്ണൂര്‍ സിറ്റി അറക്കല്‍ കെട്ടിനകത്ത് ബീവിയുടെ സ്വവസതിയായ ‘അല്‍മാര്‍ മഹലില്‍’ വെച്ചാണ് അറക്കല്‍ രാജകീയ പാരമ്പര്യമനുസരിച്ചുള്ള സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മദ്രാസ് പോര്‍ട്ട് അഡ്മിനിട്രേറ്റിവ് ഓഫീസറായി വിരമിച്ച മര്‍ഹൂം എ.പി ആലിപ്പിയാണ് ഭര്‍ത്താവ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.

അറക്കല്‍ രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ പങ്കെടുത്ത സ്ഥാനാരോഹണ ചടങ്ങില്‍ ആദിരാജ അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖത്തീബ് ഇ. കെ ഷാഹുല്‍ ഹമീദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ സി.കെ.എ ജബ്ബാര്‍ ആമുഖമായി അറക്കല്‍ രാജ കുടുംബത്തെ അഥിതികള്‍ക്ക് പരിചയപ്പെടുത്തി.

മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചിരക്കല്‍ കോവിലകത്ത് നിന്നും രവീന്ദ്ര വര്‍മ്മ ഇളയ രാജ, പാണക്കാട് സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, സയ്യിദ് ഹുസ്സൈന്‍ ശിഹാബ് തങ്ങള്‍, സി പി എം നേതാക്കളായ എം വി ജയരാജന്‍, പി ജയരാജന്‍, കോണ്‍ഗ്രസ്സ് നേതാവ് സതീശന്‍ പാച്ചേനി, മുസ്ലിം ലീഗ് നേതാക്കളായ സി. സമീര്‍, അഷ്‌റഫ് ബംഗാളി മുഹല്ല, റിട്ട. ടൂറിസം പോലീസ് സത്യന്‍ എടക്കാട്, ഗവേഷക നസ്രീന ഇല്യാസ്, ഡി-എര്‍ത്ത് പ്രതിനിധി സബീല്‍ തലശ്ശേരി, ഡോ.മുനവ്വര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള ആളുകള്‍ പങ്കെടുത്തു.

ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തോടെ രാജകീയ അധികാരങ്ങള്‍ നഷ്ടമായെങ്കിലും കഴിഞ്ഞ പതിനാല് നൂറ്റാണ്ടായി കണ്ണൂര്‍, ലക്ഷദ്വീപ്, മാലിദ്വീപ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ആത്മീയ രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് അധികാരവും നേതൃത്വവും നല്‍കിയ പ്രൗഡമായ പാരമ്പര്യമുള്ള അറക്കല്‍ രാജ കുടുംബത്തിന് പോര്‍ച്ചുഗീസ് അധിനിവേശ വിരുദ്ധ പോരാട്ട രംഗത്ത് ഐതിഹാസികമായ അടയാളപ്പെടുത്തലുകളാണ് ഉള്ളത്.

Related Articles