Current Date

Search
Close this search box.
Search
Close this search box.

ജറൂസലേം എംബസി മാറ്റം: ബ്രസീലിന് മുന്നറിയിപ്പുമായി അറബ് ലീഗ്

റിയാദ്: ജറൂസലേമിലെ എംബസി വിഷയം സാവധാനം തണുക്കുമ്പോള്‍ വീണ്ടും എംബസി മാറ്റമെന്ന പ്രഖ്യാപനവുമായി രംഗത്തു വന്ന ബ്രസീലിന് മുന്നറിയിപ്പുമായി അറബ് ലീഗ്. ബ്രസീലില്‍ ജനുവരി ഒന്നിന് അധികാരമേല്‍ക്കുന്ന തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയാണ് രാജ്യത്തിന്റെ എംബസി തെല്‍ അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച ബ്രസീല്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബോല്‍സനാരോ ഇക്കാര്യത്തില്‍ പുനപരിശോധന നടത്തണമെന്നും അല്ലാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നും അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബൂല്‍ മുന്നറിയിപ്പ് നല്‍കി. ഒരു രാജ്യത്തിന്റെ എംബസി എവിടെ വേണം എന്നത് തീര്‍ത്തും നയതന്ത്രപരമായ കാര്യമാണ്, എങ്കിലും ഇസ്രായേലിലെ അവസ്ഥ സാധാരണ പോലെയല്ല. ഫലസ്തീന്റെ ഭൂപ്രദേശങ്ങള്‍ കൈയേറി സ്ഥാപിച്ച സ്ഥലമാണ് കിഴക്കന്‍ ജറൂസലേം. അതിനാല്‍ തന്നെ അങ്ങോട്ടേക്ക് എംബസി മാറ്റുന്നത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ജറൂസലേമിലേക്ക് എംബസി മാറ്റുന്നത് യു.എന്നിന്റെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles