Current Date

Search
Close this search box.
Search
Close this search box.

ഫിഫ അറബ് കപ്പില്‍ ഫലസ്തീനിന് ഐക്യദാര്‍ഢ്യം

ദോഹ: ചൊവ്വാഴ്ച ഖത്തറില്‍ സമാരംഭം കുറിച്ച ഫിഫ അറബ് കപ്പിന്റെ കിക്കോഫ് ചടങ്ങില്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. പതിനായിരക്കണക്കിന് ആരാധകര്‍ കാണികളായുള്ള അറബ് ലോകത്തെ പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകളിലാണ് ഇസ്രായേല്‍ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന ഫലസ്തീന്‍ ജനതക്ക് ആദരമര്‍പ്പിച്ചത്.

ഖത്തറിനെ മാത്രമല്ല, മേഖലയെ മൊത്തത്തില്‍ ആഘോഷിക്കുക എന്നതായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ പ്രമേയം. ഇറാഖി ആര്‍ട്ടിസ്റ്റ് റഹ്‌മ റിയാദ്, ഈജിപ്ഷ്യന്‍ ഫെസ്റ്റിവല്‍ ഗായകന്‍ ഹസന്‍ ഷാകൂഷ് എന്നിവരും പരിപാടികള്‍ അവതരിപ്പിച്ചു. മുന്‍പത്തെയും നിലവിലുള്ളതുമായ അറബ് താരങ്ങളുടെയും നേതാക്കളുടെയും ചിത്രങ്ങള്‍ ഹോളോഗ്രാമുകളിലൂടെ പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് നവ്യാനുഭൂതിയായി.

ചൊവ്വാഴ്ച തിങ്ങിനിറഞ്ഞ അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 47,000 കാണികളാണ് എത്തിയത്. കൂടാതെ വിവിധ അറബ് രാജ്യങ്ങളിലെ നേതാക്കളും ചടങ്ങിനെത്തിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായാണ് അറബ് കപ്പ് നടക്കുന്നത്. ലോകകപ്പിനായി സജ്ജീകരിച്ച സ്റ്റേഡിയങ്ങളിലാണ് ഈ മത്സരങ്ങളും അരങ്ങേറുന്നത്.

ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഉള്‍പ്പെടെ നിരവധി അറബ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, ലെബനീസ് പ്രസിഡന്റ് മൈക്കല്‍ ഔന്‍, ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്ദുല്ല, ജിബൂട്ടി പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗുല്ലെ എന്നിവരും അദ്ദേഹത്തോടൊപ്പം പങ്കെടുത്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles