Current Date

Search
Close this search box.
Search
Close this search box.

നിഖാബ് ധരിച്ച മകളുടെ ഫോട്ടോ: മറുപടിയുമായി വീണ്ടും എ.ആര്‍ റഹ്മാന്‍

ചെന്നൈ: സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്റെ മകളുടെ ഫോട്ടോയെ ചൊല്ലിയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. ഒരു പൊതുപരിപാടിയില്‍ റഹ്മാനോടൊപ്പം പര്‍ദയും നിഖാബും(മുഖാവരണം) ധരിച്ചെത്തിയ മകള്‍ ഖദീജയുടെ വേഷത്തിന്റെ പേരില്‍ റഹ്മാനെയും മകളെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഏത് വസ്ത്രം ധരിക്കണമെന്നത് മകളുടെ ഇഷ്ടമാണെന്നും അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ് റഹ്മാന്‍ ട്വിറ്ററിലൂടെ രംഗത്തു വന്നിരുന്നു. തന്റെ ഭാര്യ സൈറയും മകള്‍ ഖദീജയും റഹീമയും ഇഷ അംബാനിയോടൊത്ത് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു കഴിഞ്ഞ ദിവസം റഹ്മാന്‍ മറുപടി നല്‍കിയത്. ഫ്രീഡം റ്റു ചൂസ് എന്ന ഹാഷ്ടടാഗോടെയാണ് റഹ്മാന്‍ ചിത്രം പോസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ വീണ്ടും മകന്‍ അമീന്‍,മക്കളായ ഖദീജയുടെയും റഹീമയുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു എ.ആര്‍ റഹ്മാന്‍. രണ്ട് ഫോട്ടോകളിലും മകള്‍ ഖദീജ പര്‍ദയും നിഖാബും ധരിച്ചിട്ടുണ്ട്. ചിത്രങ്ങളിലെല്ലാം ഖദീജ മാത്രമാണ് പര്‍ദയും നിഖാബും ധരിച്ചിരുന്നത്.

നേരത്തെ മകള്‍ ഖദീജയും മറുപടിയുമായി രംഗത്തെത്തിയിരുന്നു. തന്നെ പര്‍ദ ധരിക്കാന്‍ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും പൂര്‍ണ സമ്മതത്തോടും ബഹുമാനത്തോടും കൂടിയാണ് പര്‍ദ ധരിച്ചതെന്നും പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഖദീജ മറുപടിയുമായി രംഗത്തെത്തിയത്. ഒരു കാര്യത്തെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കാതെ വിമര്‍ശിക്കരുതെന്നും ഖദീജ കൂട്ടിച്ചേര്‍ത്തു.

റഹ്മാന്‍ മകളെ അപരിഷ്‌കൃത വേഷം ധരിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയാണെന്നും റഹ്മാനെപ്പൊലൊരാള്‍ മക്കളെ ഇത്തരം മതത്തിന്റെ വേലിക്കെട്ടില്‍ തളക്കരുതെന്നും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വന്നിരുന്നത്.

Related Articles