ധാക്ക: ബംഗ്ളാദേശിൽ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ബംഗ്ലാദേശിന്റെ 50ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. അതോടൊപ്പം രാഷ്ട്ര സ്ഥാപകനായ മുജീബുറഹ്മാന്റെ ജന്മശദാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാനുമാണ് മോദിയെത്തിയത്.
മോദിക്കു പുറമെ ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാഷ്ട്രങ്ങളിലെ നേതാക്കളും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെ വിവേചനപരമായ നിലപാട് സ്വീകരിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്യുന്നനെതിരെയാണ് ഒരു വിഭാഗം ആളുകള്‍ കഴിഞ്ഞയാഴ്ച ബംഗ്ലാദേശില്‍ നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിനു നേരെ പൊലിസ് ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നൂറുകണക്കിന് പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. കൂടുതലും വിദ്യാര്‍ത്ഥികളായിരുന്നു.
ഹിന്ദു ദേശീയവാദിയായ മോദിയെ പരിപാടിയിലേക്ക് ക്ഷണിച്ചതില്‍ പ്രതിഷേധിക്കുന്നു എന്നാണ് പ്രക്ഷോഭകര്‍ ഉന്നയിച്ചത്.
ധാക്കയില്‍ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയപ്പോള്‍ പ്രതിഷേധം കൈവിട്ടുപോയതായി പോലീസ് പറഞ്ഞു. നിരവധി പേര്‍ പൊലിസിന് നേരെ കല്ലെറിഞ്ഞെന്നും നാലുപേര്‍ക്ക് പരുക്കേറ്റതായും പൊലിസ് പറഞ്ഞു.
രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പ്രകടനത്തില്‍ പങ്കെടുത്തതെന്നും 33 പേരെ അറസ്റ്റ് ചെയ്തതെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.