Current Date

Search
Close this search box.
Search
Close this search box.

അല്‍വാര്‍ പശുക്കൊല: വിചാരണ രാജസ്ഥാനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അല്‍വാറില്‍ പശുവിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട രക്ബര്‍ ഖാന്‍ കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തേക്ക് മാറ്റണമെന്ന് രക്ബറിന്റെ പിതാവ് സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു. അല്‍വാര്‍ ആള്‍ക്കൂട്ടക്കൊലയുടെ കേസുമായി ബന്ധപ്പെട്ട് രക്ബറിന്റെ പിതാവ് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കീഴില്‍ ഒരു പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും അല്‍വാറിലെ ബി.ജെ.പിയുടെ എം.എല്‍.എ കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ 28കാരനായ രക്ബര്‍ കൊല്ലപ്പെട്ടത് ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഭാഗമായല്ലെന്നാണ് പൊലിസിന്റെ വാദം. പൊലിസ് സമര്‍പ്പിച്ച 25 പേജുള്ള ചാര്‍ജ് ഷീറ്റില്‍ നാലു യുവാക്കള്‍ക്കാണ് കൊലയുടെ ഉത്തരവാദിത്വമെന്നാണ് പറയുന്നത്. എന്നാല്‍ നാലുപേരില്‍ ഒരാളെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുമില്ല.

ഹരിയാന സ്വദേശിയായ രക്ബര്‍ ഖാന്‍ കഴിഞ്ഞ ജൂലൈ 20നാണ് ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നത്. തന്റെ സുഹൃത്ത് അസ്‌ലമിന്റെ കൂടെ കൊല്‍ഗാവോനിലേക്ക് രണ്ടു പശുക്കളുമായി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. പശുക്കളെ കശാപ്പിനായി കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഒരു സംഘം ഗോരക്ഷ ഗുണ്ടകള്‍ ഇവരെ തടഞ്ഞുവച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അസ്‌ലം ഓടി രക്ഷപ്പെട്ടു. രക്ബറിനെ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Related Articles