മുംബൈ: വിദ്വേഷ പ്രസംഗം ഇല്ലെങ്കില്‍ മാത്രം ഹിന്ദുത്വ റാലിക്ക് അനുമതി നല്‍കിയാല്‍ മതിയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഫെബ്രുവരി അഞ്ചിന് മുംബൈയില്‍ ഹിന്ദുത്വ സംഘടനകള്‍ സംഘടിപ്പിക്കുന്ന റാലിക്ക് അനുമതി നല്‍കണമെങ്കില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് സുപ്രീം കോടതി വെള്ളിയാഴ്ച ആവശ്യപ്പെടുകയായിരുന്നു.
ജസ്റ്റിസുമാരായ കെ എം ജോസഫും ജെ ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ”ഹിന്ദു ജന്‍ ആക്രോശ് സഭ” എന്ന പേരിലുള്ള പരിപാടിയുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിച്ചാല്‍, നിയമത്തെ ധിക്കരിച്ചും പൊതുക്രമം ലംഘിച്ചും ആരും വിദ്വേഷ പ്രസംഗം നടത്തരുതെന്ന വ്യവസ്ഥയ്ക്ക് വിധേയമായിരിക്കും അതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
ഹിന്ദുത്വ സംഘടനയായ സകാല്‍ ഹിന്ദു സമാജിന്റെ പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹീന്‍ അബ്ദുള്ള സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ജനുവരി 29ന് ഈ സംഘടന നടത്തിയ റാലിയില്‍ മുസ്ലീം സമുദായത്തിനെതിരെ കടുത്ത വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്ന് അബ്ദുള്ള ഹരജിയില്‍ വാദിച്ചു.
പാര്‍ട്ടിയുടെ മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷെലാര്‍, മഹാരാഷ്ട്ര എംപിമാരായ ഗോപാല്‍ ഷെട്ടി, മനോജ് കൊട്ടക്, മുന്‍ എംപി കിരിത് സോമയ്യ എന്നിവരുള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ ജനുവരി 29ന് നടന്ന റാലിയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിലെ നിരവധി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
റാലിയില്‍ മുസ്ലീങ്ങള്‍ നടത്തുന്ന കടകളില്‍ നിന്നുള്ള സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഹിന്ദുക്കളോട് തെലങ്കാന എംഎല്‍എ ടി രാജ സിംഗ് ആഹ്വാനം ചെയ്തിരുന്നു. ലൗ ജിഹാദിനും മതപരിവര്‍ത്തനത്തിനുമെതിരെ നിയമങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിരുന്നു.
🪀 കൂടുതല്‍ വായനക്ക്: https://chat.whatsapp.com/CtdeYjAfwas90JeGabX9H0