Current Date

Search
Close this search box.
Search
Close this search box.

മതം മാറാന്‍ ആവശ്യപ്പെടുന്നത് നിര്‍ബന്ധിത മതംമാറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി

ലഖ്‌നൗ: ഒരാളോട് മതം മാറാന്‍ ആവശ്യപ്പെടുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണക്കാക്കാനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ലൗ ജിഹാദ് ആരോപിച്ചുള്ള കേസിലാണ് വ്യാഴാഴ്ച ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ലൗ ജിഹാദ് കേസില്‍ മുസ്ലിം യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.

സഹറാന്‍പൂരില്‍ നിന്ന് ഡെറാഡൂണിലേക്ക് ഒളിച്ചോടിയ കമിതാക്കളായ യുവാവിനും യുവതിക്കും എതിരെയാണ് യു.പി പൊലിസ് ലൗജിഹാദ് ആരോപിച്ച് കേസെടുത്തത്. വിവാഹം കഴിക്കുന്നതിനായി പെണ്‍കുട്ടിയെ യുവാവ് നിര്‍ബന്ധിപ്പിച്ച് മതം മാറ്റിയെന്നായിരുന്നു കേസ്. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തുകയും ഈ ആരോപണത്തിന് തെളിവില്ലെന്നും കോടതി ഉത്തരവിടുകയായിരുന്നു. യു.പി സര്‍ക്കാരിന്റെ നിര്‍ബന്ധിത മതംമാറ്റ നിരോധന നിയമത്തില്‍ ഇത് ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും ലൗജിഹാദിനായി മതം മാറ്റിയെന്നുമായിരുന്നു യുവാവിനെതിരെയുള്ള ആരോപണങ്ങള്‍. ഈ നിയമം ചുമത്തി കഴിഞ്ഞ 8 മാസമായി ജയിലിലായിരുന്നു ആരിഫ് എന്ന യുവാവ്.

സഹാറന്‍പൂരിലെ പ്രത്യേക ജഡ്ജി, എസ്സി/എസ്ടി ആക്ട് പ്രകാരം ജാമ്യാപേക്ഷ തള്ളണമെന്ന ഹരജി നിരസിച്ചുകൊണ്ടാണ് യുവാവിന് ജാമ്യം നല്‍കിയത്. ജസറ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

Related Articles