Current Date

Search
Close this search box.
Search
Close this search box.

ഖഫീല്‍ ഖാനെതിരെയുള്ള രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ഉത്തരവിന് കോടതി സ്‌റ്റേ

ന്യൂഡല്‍ഹി: ഡോ. ഖഫീല്‍ ഖാനെതിരെയുള്ള രണ്ടാമത്തെ സസ്‌പെന്‍ഷന്‍ ഉത്തരവ് അലഹാബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2019 ജൂലൈ 31നാണ് നേരത്തെ സസ്‌പെന്‍ഷനിലായിരുന്ന ഖഫീല്‍ ഖാനെതിരെ ആരോഗ്യ വകുപ്പ് രണ്ടാം തവണയും സസ്‌പെന്‍ഷന്‍ ഏര്‍പ്പെടുത്തിയത്. ബഹ്‌റായിച്ച് ജില്ലാ ആശുപത്രിയില്‍ രോഗികളെ നിര്‍ബന്ധിപ്പിച്ച് ചികിത്സിച്ചു എന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിനുമാണ് സസ്‌പെന്റ് ചെയ്തിരുന്നത്.

നേരത്തെ ഗൊരക്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്‌സിജന്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഖഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തിരുന്നു. 2017 ഓഗസ്റ്റില്‍ ഇവിടെ ഓക്‌സിജന്‍ ലഭിക്കാതെ 60 കുട്ടികള്‍ മരിച്ചിരുന്നു. സസ്‌പെന്‍ഷനെതിരെ ഖഫീല്‍ ഖാന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സരള്‍ ശ്രീവാസ്തവ സ്‌റ്റേ ഉത്തരവിട്ടത്.

ഖഫീല്‍ ഖാനെതിരെയുള്ള അന്വേഷണം ഒരു മാസത്തിനകം അവസാനിപ്പിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഹരജിക്കാരന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അല്ലാത്തപക്ഷം അന്വേഷണ അതോറിറ്റിക്ക് അച്ചടക്ക നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

നവംബര്‍ 11നാണ് അടുത്ത വാദം കേള്‍ക്കല്‍ തീരുമാനിച്ചിരിക്കുന്നത്. നാലാഴ്ചക്കകം മറുപടി നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

Related Articles